ഡെറാഡൂൺ: രത്തൻ ടാറ്റയെ ‘സേവാ രത്ന പുരസ്കാരം’ നൽകി ആദരിച്ച് സേവാ ഭാരതി. ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് സേവാ ഭാരതിയുടെ ആദരം. മുതിർന്ന പൗരന്മാരുടെ പുനരധിവാസത്തിനായുള്ള സ്റ്റാർട്ടപ്പായ ഗുഡ്ഫെല്ലോസിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതിനും മറ്റ് സാമൂഹിക പ്രവർത്തനങ്ങൾക്കുമാണ് പുരസ്കാരം.
ജീവകാരുണ്യമേഖലയിലെ സംഭാവനകൾക്കും സാമൂഹിക വികസനത്തിനായി ഫണ്ട് നൽകിയതിനുമായി രത്തൻ ടാറ്റയ്ക്കൊപ്പം 24 വിശിഷ്ട വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു. ഉത്തരാഖണ്ഡ് ഗവർണർ ലെഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
മുതിർന്ന പൗരന്മാരുടെ പുനരധിവാസ സ്റ്റാർട്ടപ്പായ ഗുഡ്ഫെല്ലോസിലേക്ക് നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ടാറ്റയുടെ ബിസിനസ് അസിസ്റ്റന്റായ ശാന്തനു നായിഡുവിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർട്ട്പ്പാണ് ഗുഡ്ഫെല്ലോസ്. പ്രായമാകുന്നവർക്ക് തണലാകാൻ ഓരോരുത്തർക്കും കഴിയണമെന്നും ശരീരത്തിന് മാത്രമാണ് വയസ്സാകുന്നതെന്നും മനസ് എപ്പോഴും ചെറുപ്പമായി നിലനിർത്തണമെന്നും രത്തൻ ടാറ്റ സ്റ്റാർട്ടപ്പ് ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നു.
യുവാക്കൾ വഴി വയോജനങ്ങൾക്ക് താങ്ങാകുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പിലൂടെ പദ്ധതിയിട്ടിരിക്കുന്നത്. സ്റ്റാർട്ടപ്പിലേക്ക് എത്ര തുകയാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ടാറ്റയുടെ ഇത്തരത്തിലുള്ള സേവനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയതെന്ന് സേവാ ഭാരതി പറഞ്ഞു. സേവാ ഭാരതിയിൽ നിന്ന് സേവനത്തിന്റെ പൂർണ്ണാർത്ഥം പഠിക്കാമെന്നും നിസ്വാർത്ഥതയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇതെന്നും സംഘാടകർ വ്യക്തമാക്കി. ആരുമില്ലാത്തവർക്ക് സേവാ ഭാരതിയുണ്ടെന്നും സംഘാടകർ പറഞ്ഞു.
Comments