തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുറോപ്പ് യാത്രയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രിയും സംഘവും നിലവിൽ ബ്രിട്ടനിലാണ്. ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിലെ പരിപാടികൾ പൂർത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോൾ ലണ്ടനിൽ സന്ദർശനം നടത്തുന്നത്. നിരവധി വിമർശനങ്ങളാണ് ഇതിനോടകം മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയരുന്നത്. ഇതിനിടയിലാണ് നടൻ ഹരീഷ് പേരടിയുടെ പരിഹാസം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
‘വരാനിരിക്കുന്ന നോർവേ ബഡായികൾ എന്ന പുസ്തകം വായിച്ചതിനു ശേഷം നിങ്ങൾ ശ്വാസം മേലോട്ട് വലിച്ച് കുറച്ച് നേരം അവിടെ പിടിച്ചു നിർത്തുക. എന്നിട്ട് പതുക്കെ ശ്വാസം കീഴ്‍ശ്വാസമായി പുറത്തേക്ക് വിട്ടാൽ സ്വർഗ്ഗലോകത്തിൽ എത്തിയതുപോലെ തോന്നും. ബഡായികൾക്കായി കാത്തിരിക്കുന്നു. നോർവാസനം. പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചിരിക്കുന്ന, കുലംകുത്തികൾ ഇല്ലാത്ത മനോഹരമായ ആസനം. മനുഷ്യ ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ് ഹരീഷ് പേരടി തന്റെ ഫെയ്സ്ബുക്കിലൂടെ വിമർശിച്ചിരിക്കുന്നത്.
അതേസമയം, ഭാര്യയെയും മകളെയും കൊച്ചുമകനെയും ഒപ്പം കൂട്ടിയാണ് മുഖ്യമന്ത്രി യൂറോപ്യൻ പര്യടനം നടത്തുന്നത്. മന്ത്രി വി.ശിവൻകുട്ടിയും ഭാര്യയെ ഒപ്പം കൂട്ടിയിട്ടുണ്ട്. ബന്ധുക്കളെയും ഒപ്പം കൂട്ടിയുള്ള യാത്ര മുഖ്യമന്ത്രിയുടെ അധികാര ദുർവിനിയോഗമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നു. എന്നാൽ, കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്നാണ് സർക്കാരിന്റെ ന്യായീകരണം. എന്നാൽ പ്രതിനിധി സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ കിട്ടുന്ന പ്രത്യേക പരിഗണനകൾ ഇവർക്കും ലഭിക്കുന്നില്ലേ എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
Comments