മുംബൈ : മഹാരാഷ്‌ട്രയിൽ ശിവസേന ചിഹ്നവുമായി ബന്ധപ്പെട്ട് ഉദ്ധവ് വിഭാഗവും-ഷിൻഡെ വിഭാഗവും തമ്മിൽ നിലനിന്നിരുന് തർക്കം അവസാനിക്കുന്നു. ഇരു പക്ഷങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പാർട്ടി പേര് അനുവദിച്ചുകൊടുത്തു. ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നാകും ഉദ്ധവ് പക്ഷം ഇനി അറിയപ്പെടുക. തീപ്പന്തമാണ് ഇവരുടെ പാർട്ടി ചിഹ്നം.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം ബാലാസാഹേബഞ്ചി ശിവസേന എന്നും അറിയപ്പെടും. ഷിൻഡെ പക്ഷത്തോട് പാർട്ടി ചിഹ്നം തിരഞ്ഞെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പാർട്ടിയുടെ പേരായ ശിവസേനയും അതിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ വില്ലും അമ്പും മരവിപ്പിച്ച തിരഞ്ഞെടുപ്പ് സമിതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പേരുമായി ബന്ധപ്പെട്ട് ഇരുപക്ഷങ്ങളും തമ്മിൽ തർക്കം നിലനിന്നതോടെയാണ് നിലവിലുളള പേര് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. തുടർന്ന് പാർട്ടി ചിഹ്നങ്ങൾക്കായി അപേക്ഷ നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഇതോടെ ഇരു പക്ഷക്കാരും പാർട്ടിക്ക് വേണ്ട പുതിയ പേരുകളും ചിഹ്നങ്ങളും സമർപ്പിക്കുകയും ചെയ്തു.
Comments