കൊല്ലം: ബൈക്കിന്റെ ഹോൺ മുഴക്കിയെന്ന കാരണത്താൽ ആക്രമണം നടത്തിയ മൂന്ന് പേർ പിടിയിൽ. കോയിവിള ചാലിൽ കിഴക്കതിൽ നിയാസ്, നീണ്ടകര പുത്തൻതുറ സുമയ്യ മൻസിലിൽ ഷുഹൈബ്, പുത്തൻകോട്ടയ്ക്കകം മൻസിലിൽ ബിലാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചവറ സ്വദേശി രതീഷിനെയും സുഹൃത്ത് ഗിരീഷിനെയുമാണ് മൂവർ സംഘം ആക്രമിച്ചത്. രതീഷ് ഹോൺ അടിച്ചെന്ന് ആരോപിച്ച് സംഘം ബെക്കിൽ സഞ്ചരിച്ച സുഹൃത്തുക്കളെ ആക്രമിക്കുകയായിരുന്നു.സീറ്റിന്റെ പൈപ്പ് രതീഷിന്റെ ദേഹത്തും തലയുടെ പുറകിലും അടിക്കുകയും പൈപ്പിന്റെ മുനകൊണ്ട് ഇരുകൈകളിലും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു.
സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച ഗിരീഷിനെയും മൂവർ സംഘം ആക്രമിച്ചു. ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാർ ഇപ്പോഴും ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments