തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. കടവന്ത്രയിൽ രജിസ്റ്റർ ചെയ്ത മിസിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ് ഈ ക്രൂര സംഭവത്തിന്റെ ചുരുളുകൾ അഴിച്ചത്. അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പരിഷ്‌കൃത സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണിത്. ആലോചിക്കാൻ പോലും കഴിയാത്ത ക്രൂരകൃത്യമാണ്. കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് മനുഷ്യബലിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ഇലന്തൂർ താമസിക്കുന്ന ദമ്പതിമാരായ ഭഗവൽ സിംഗും ലൈലയും പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് മനുഷ്യബലിയ്‌ക്ക് പിന്നിൽ.മനുഷ്യബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ഏജന്റ് വിശ്വസിപ്പിക്കുകയായിരുന്നു.
കടവന്ത്ര സ്വദേശിയായ റോസ്ലി,തമിഴ്‌നാട് സ്വദേശിയായ പത്മഎന്നിവരെയാണ് തലയറുത്ത് കൊന്നത്. തിരുമു ചികിത്സയും ചെറുകവിതകളുമൊക്കെയായി സാധാരണ ജീവിതം നയിക്കുന്ന സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി അംഗം ആഭിചാര കൊലക്കേസിൽ പ്രതിയായതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. വൈകുന്നേരത്തോടെ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്ന് പോലീസ് വ്യക്തമാക്കി.
Comments