ടോക്കിയോ : ഫേസ്ബുക്കിന്റെ മാതൃസ്ഥാപനവും യുഎസിലെ ടെക്ക് ഭീമനുമായ മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തീവ്രവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് മോസ്‌കോ കോടതി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. റഷ്യയുടെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന റോസ്ഫിൻ മോണിറ്ററിംഗ് ഏജൻസിയാണ് മെറ്റയെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയത്.
യുക്രെയ്‌നിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റൾ ഉൾപ്പെടെയള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് റഷ്യ വിലക്കേർപ്പെടുത്തിയിരുന്നു. റഷ്യയ്‌ക്കെതിരെ ആക്രമണം നടത്തുന്ന തരത്തിലുള്ള കണ്ടന്റുകൾ പോസ്റ്റ് ചെയ്യാൻ യുക്രെയ്‌നിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ചാണ് വിലക്കേർപ്പെടുത്തിയത്. ഇതിലൂടെ റഷോഫോബിയ വളർത്തിയെടുക്കാൻ ശ്രമിച്ചെന്നും ആരോപണമുയർന്നു. നേരത്തെ റഷ്യയിൽ വരുന്നതിന് വിലക്കേർപ്പെടുത്തിയ യുഎസ് പൗരൻമാരുടെ പട്ടികയിൽ മെറ്റ മേധാവി മാർക്ക് സക്കർബർഗിനെയും ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ മെറ്റ ഒരിക്കലും ആക്രമണത്തെ പ്രോത്സാഹിപ്പിച്ചിട്ടെന്നും റഷോഫോബിയ സൃഷ്ടിച്ചിട്ടില്ലെന്നും മെറ്റയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മോസ്‌കോ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഈ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. മെറ്റയുടെ ഹർജി മോസ്‌കോ കോടതി തള്ളുകയും ചെയ്തു.
എന്നാൽ യുക്രെയ്‌ന് നേരെ റഷ്യൻ സൈന്യം ആക്രമണം ആരംഭിച്ചത് മുതൽ പാശ്ചാത്യ രാജ്യങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്തുന്ന നടപടികളാണ് റഷ്യ സ്വീകരിക്കുന്നത്. ഇതിന് പ്രതികാരമായി, യൂറോപ്പിലെ ടെക് കമ്പനികൾ റഷ്യൻ സർക്കാർ സ്‌പോൺസർ ചെയ്യുന്ന മാദ്ധ്യമങ്ങളെ തടയുകയും ചെയ്യുന്നുണ്ട്.
Comments