എന്താണ് കവിത എന്ന് ചോദിച്ചാൽ പലർക്കും പല തരത്തിൽ വ്യാഖ്യാനങ്ങൾ ഉണ്ടാകും. ‘ശക്തമായ വികാരങ്ങളുടെ സ്വാഭാവികമായ ഒഴുക്കാണ്’ കവിത എന്നാണ് വില്യം വേർഡ്സ്‍വർത്ത് വിശേഷിപ്പിച്ചിട്ടുള്ളത്. അക്ഷരം കൊണ്ട് പറയാവുന്ന ലോകത്തെ ഏറ്റവും ലാവണ്യപരമായ അനുഭവത്തിനെ കവിത എന്ന് വിളിക്കാമെന്ന് ചിലർ പറയുന്നു. വിശ്വനാഥ കവിരാജന്റെ ‘വാക്യം രസാത്മകം കാവ്യം’ എന്നിങ്ങനെയുള്ള നിർവ്വചനങ്ങളും നാം വായിച്ചറിഞ്ഞിട്ടുണ്ട്. വികാരങ്ങളിൽ നിന്നും ഏകാന്തതാ ബോധത്തിൽ നിന്നും വിരസതയിൽ നിന്നുമൊക്കെ രക്ഷപ്പെടാൻ നടത്തുന്ന ശ്രമത്തിൽ നിന്നാണ് കവിതയുണ്ടാകുന്നത് എന്നൊക്കെ നാം പറയുമെങ്കിലും കവിതയ്‌ക്ക് കൃത്യമായ ഒരു നിർവ്വചനം നൽകുക അസാധ്യം തന്നെ. പലർക്കും പല നിർവ്വചനങ്ങളാണ്. എന്നാൽ കവിത വായിക്കാനും ആസ്വദിക്കാനും നിർവ്വചനങ്ങൾ ഒന്നും അറിയേണ്ടതില്ല. കവിതകൾ ഇഷ്ടമാണെങ്കിൽ പോലും പലപ്പോഴും കവിതകൾ വായിക്കാൻ മടിക്കുന്നത് അവയുടെ ദൈർഘ്യം കൊണ്ടാണ്. എന്നാൽ ഹൈകു കവിതകൾക്ക് ആരാധകർ ഏറെയാണ്. അതിന്റെ പ്രധാന കാരണം ഹൈകു കവിതകൾ എല്ലാം കുറുങ്കവിതകൾ എന്നതുകൊണ്ട് തന്നെ.
എന്താണ് ഹൈകു കവിതകൾ? ജപ്പാന്റെ സംഭവനയാണ് ഹൈകു കവിതകൾ. മൂന്നുവരികളിൽ ഒതുക്കി പരമാവധി 17 മാത്രകൾ ഉപയോഗിച്ചെഴുതുന്ന ഒരു രീതിയാണ് പൊതുവെ ഹൈക്കുവിൽ ജാപ്പനീസ് കവികൾ അവലംബിച്ചു വന്നത്. അതായത്, മൂന്ന് വരികളിൽ തീർക്കുന്ന വസന്തമാണ് ഹൈകു കവിതകൾ. ആദ്യ വരിയിലും അവസാന വരിയിലും 5 മാത്രകളും രണ്ടാം വരിയിൽ 7 മാത്രകളും എന്നതാണ് സാധാരണ സ്വീകരിക്കുന്ന മാതൃക. ഇവ പൊതുവേ രണ്ട് ആശയങ്ങളെ സംയോജിപ്പിക്കുന്നതും ഋതുക്കളെ സംബന്ധിക്കുന്നവയുമാവാറുണ്ട്.
പരമ്പരാഗതമായി, ഋതുക്കളെയും പ്രകൃതിയിലെ അപൂർവ്വ മനോഹര പ്രതിഭാസങ്ങളെയും പറ്റി തങ്ങൾക്കുണ്ടാകുന്ന വൈകാരികമായ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനാണ് ഹൈക്കു കവിതകൾ എഴുതിയിരുന്നത്. എന്നാൽ പിന്നീട് മറ്റ് പലവിഷയങ്ങളും ഹൈകു കവിതകളായി രൂപാന്തരപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാന് പുറത്തും ഹൈകു കവിതകൾ മുഖ്യധാരയിലേയ്‌ക്ക് കടന്നുവന്നു. ലോകഭാഷകളിലെല്ലാം തന്നെ ഹൈകു കവിതകൾ പ്രത്യക്ഷപ്പെട്ടു. മലയാളം വായനയിലേയ്‌ക്ക് ഹൈകു എന്ന കാവ്യവഴിയെ ആദ്യം പരിചയപ്പെടുത്തിയത് മലയാളത്തിന്റെ കാവ്യ ഇതിഹാസം ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നാണ് മനസ്സിലാകുന്നത്. ബാഷോയുടെ ‘കഴുത’ എന്ന കവിത ചങ്ങമ്പുഴ മലയാളത്തിലേയ്‌ക്ക് തർജ്ജമ ചെയ്തതോടെ മലയാളം ഹൈകുവിനെ പരിചയപ്പെട്ടു. എന്നാൽ മലയാളികളുടെ മനസ്സിനെ ഹൈകു കവിതകളിലൂടെ ആദ്യം കീഴ്പ്പെടുത്തിയത് കുഞ്ഞുണ്ണി മാഷാണ് എന്നു വേണം പറയാൻ.
‘പൊക്കമില്ലായ്മയാണ് എൻ പൊക്കം’,
‘വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും
വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും’
‘ഉണ്ടാൽ ഉണ്ടപോലിരിക്കണം
ഉണ്ട പോലിരിക്കരുത്.’ – എന്നിങ്ങനെയുള്ള കുഞ്ഞുണ്ണി മാഷിന്റെ കവിതകളുടെ അർത്ഥം എത്രയോ വിശാലമാണ്.
ഹൈകു കവികൾ എഴുതാൻ എളുപ്പമാണെന്ന് തോന്നാം. മൂന്ന് വരികൾ മതിയല്ലോ, എഴുതിയേക്കാം എന്ന് വിചാരിച്ചാൽ അതത്ര നിസ്സാരമല്ല. ഒരു നോവൽ എഴുതാൻ ഇതിലും എളുപ്പമാണ്. വലിയ ലോകത്തെ ചെറിയ വരികളിൽ ഒതുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹൈകു കവിത ചെറുതാണെങ്കിൽ പോലും ഒറ്റ വായനയിൽ പലപ്പോഴും വായനക്കാരന് അതിന്റെ അർത്ഥം വ്യക്തമാകണമെന്നില്ല. വിരലിലെണ്ണാവുന്ന ആ വരികൾ നമ്മളെ നിരന്തരം ചിന്തിപ്പിക്കും, ചിന്തകളുടെ മഹാസാഗരത്തിലേയ്ക്ക് നയിക്കും. ഒരു പ്രപഞ്ചത്തെ തന്നെ സൃഷ്ടിക്കാൻ കഴിയുന്നവയാണ് ഹൈകു കവിതകൾ.
















Comments