ലുധിയാന: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിൽ തൂങ്ങി അഭ്യാസ പ്രകടനം നടത്തുന്നതിനിടെ യുവാവ് ട്രാക്കിന് സമീപമുളള തൂണിൽ തലയിടിച്ച് മരിച്ചു. ലുധിയാന ഖന്നയിലെ ചവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ട്രെയിനിൽ ഉണ്ടായിരുന്ന മറ്റൊരാൾ പകർത്തിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ മാസം ആറിന് ആയിരുന്നു സംഭവം. മാൽവ എക്സ്പ്രസിൽ സഞ്ചരിച്ച യുവാവാണ് അപകടത്തിൽപെട്ടത്. വാതിലിൽ കൈപിടിച്ച് തല പുറത്തേക്ക് ഇട്ട് തൂങ്ങി നിൽക്കുന്നതിനിടെയാണ് ട്രാക്കിനോട് ചേർന്ന തൂണിൽ തലയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ താഴെ വീണ യുവാവ് അപ്പോൾ തന്നെ മരിച്ചുവെന്നാണ് നിഗമനം. തലയിടിക്കുന്നതും യുവാവ് വീഴുന്നതും 17 സെക്കൻഡുകൾ ഉളള വീഡിയോയിൽ വ്യക്തമാണ്.
ട്രാക്കിനോട് ചേർന്ന് ഒരു മൃതദേഹം കിടക്കുന്നുവെന്ന അറിയിപ്പിനെ തുടർന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ട്രെയിനിന്റെ വാതിലിൽ ഇരുന്ന് സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപെട്ടതാകാമെന്ന് ആയിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പിന്നീടാണ് ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്നാണ് പോലീസ് സംഭവം മനസിലാക്കിയത്.
മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളിൽ നിന്ന് മൊബൈൽ ഫോണോ തിരിച്ചറിയാൻ കഴിയുന്ന മറ്റ് കാര്യങ്ങളോ ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു.
Comments