തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായത് അറുപതിനായിരത്തിന് മുകളിൽ ആളുകളെയാണെന്ന് റിപ്പോർട്ട്. വിവിധ ഇടങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണമാണിത്. ഈ വർഷം ഓഗസ്റ്റ് വരെ മാത്രം 7,408 പേരെ കാണാതായിട്ടുണ്ട്. രജിസ്റ്റർ ചെയ്തത് ഇത്രയുമെങ്കിൽ രേഖപ്പെടുത്താതെ പോയ എത്രയോ കണക്കുകൾ ഉണ്ടായിരിക്കാമെന്നാണ് വിലയിരുത്തൽ.
കേരളത്തിലുടനീളം കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ 66,838 പേരയാണ് കാണാതായിട്ടുള്ളത്. 2019ൽ മാത്രം 12,802 പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ടുണ്ട്. ഇതേ വർഷമാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതും. കാണാതായവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജില്ല തിരിച്ചുള്ള കണക്കുകളും കണ്ടുകിട്ടിയവരുടെ വിശദാംശങ്ങളും പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഇത്തരത്തിൽ കാണാതായവരെ കുറിച്ചുള്ള അന്വേഷണമായിരുന്നു കേരളത്തെ നടുക്കിയ ആഭിചാര കൊലകളെ പുറത്തുകൊണ്ടുവന്നത്. അതുകൊണ്ട് തന്നെ ഓരോ തിരോധാനവും ഇപ്പോൾ ദുരൂഹമാകുകയാണ്. പത്തനംതിട്ട ഇലന്തൂർ ആഭിചാര കൊലയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കണാതായവർക്കുള്ള അന്വേഷണം ഊർജ്ജിതമാക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments