മുംബൈ : വീട്ടിൽ നിന്ന് തുടർച്ചയായി സ്വർണവും ആഭരണങ്ങളും കാണാതായതിന് കാരണം ജിന്നാണെന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു വീട്ടുകാർ. എന്നാൽ പെട്ടെന്ന് ഒരു ദിവസം പണം നഷ്ടപ്പെട്ടു. ഇതോടെ ജിന്ന് പണം മോഷ്ടിക്കുമോ എന്ന സംശയമായി. പിന്നാലെ പോലീസിൽ പരാതി നൽകിയതോടെയാണ് യഥാർത്ഥ ”ജിന്നുകളെ” കൈയ്യോടെ പിടികൂടിയത്.
മുംബൈയിലെ ബൈക്കുളയിൽ അബ്ദുൽ ഖാദർ ഗോധവാല എന്നയാളുടെ വീട്ടിലാണ് സംഭവം. ഒരു വർഷത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ സ്വർണമാണ് വീട്ടിൽ നിന്ന് മോഷണം പോയത്. ഇതോടെ പേടിച്ചിരണ്ട് വീട്ടുകാർ എല്ലാ വിറ്റ് സ്ഥലം മാറിപ്പോകാൻ വരെ തീരുമാനിച്ചു. ജിന്നിനെ ഭയന്ന് 3.75 കോടിയുടെ വീട് വെറും ഒന്നരക്കോടിക്ക് വിൽക്കാനൊരുങ്ങുകയായിരുന്നു ഇവർ.
അപ്പോഴാണ് വീട്ടിൽ മറ്റൊരു മോഷണം നടന്നത്. സെപ്റ്റംബർ 24 ന് വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കാണാതായി. ഇതോടെ ജിന്ന് പണം മോഷ്ടിക്കുമോയെന്ന് സംശയിച്ച വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കേസിൽ പ്രതികളെ പിടികൂടിയതോടെ എല്ലാവരും ഒന്ന് ഞെട്ടി. പരാതിക്കാരന്റെ അനന്തരവൻ ഉൾപ്പെടെ മൂന്ന് പ്രതികളെയാണ് പോലീസ് പിടികൂടിയത്. ഗോധാവാലയുടെ അനന്തരവൻ ഹുസൈനും കൂട്ടാളി അബ്ബാസ് അട്ടാരിയുമാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്കും പങ്കുണ്ടായിരുന്നു. ഈ കുട്ടിയെ താക്കീത് നൽകി വിട്ടയച്ചു. വീട്ടിൽ നിന്നും മോഷണം പോയ 10 ലക്ഷം രൂപയും 30 ലക്ഷത്തിന്റെ സ്വർണവും ഗുജറാത്തിലെ സൂറത്തിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു
















Comments