തിരുവനന്തപുരം: സംഘപരിവാർ സിദ്ധാന്തം ഇന്ത്യയിൽ നടപ്പാക്കാൻ സമ്മിതിക്കില്ലെന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന സംഘ സ്വപ്നങ്ങൾ നടക്കില്ല എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ എന്ന സ്വപ്നവുമായി തീവ്ര ഹിന്ദുത്വവാദികൾ ഇറങ്ങിയിരിക്കുകയാണ്. എന്തു വില കൊടുത്തും ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനുള്ള പുറപ്പാടാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഔദ്യോഗിക ഭാഷാ പാർല്ലമെന്റ് സമിതി കേന്ദ്ര സർക്കാർ പരീക്ഷകൾ ഹിന്ദിയിലെഴുതണമെന്ന് ശുപാർശ ചെയ്തത് ഇതിന്റെ ഭാഗമാണെന്ന് മുല്ലപ്പളി വിമർശിച്ചു.
ഹിന്ദി ഭാഷാ വാദം ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമേറ്റ കനത്ത ആഘാതമാണ്. ഇത് അത്യന്തം അപകടകരമാണ്. ദേശീയ ഐക്യത്തിനും നാനാത്വത്തിൽ ഏകത്വമെന്ന മൗലിക തത്വങ്ങൾക്കുമെതിരായ തീരുമാനമായേ കേന്ദ്ര സർക്കാരിന്റെ നീക്കത്തെ വിലയിരുത്താൻ കഴിയുകയുള്ളൂ. ഭാഷാപരമായ ഭ്രാന്ത് ഒരു രാജ്യത്തിന്റെ സാംസ്ക്കാരിക വൈവിധ്യവും സാഹോദര്യവും തകർക്കുന്ന നീക്കമാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കും. ഒരിക്കലും ഇത് അംഗീകരിക്കില്ലെന്ന് ഉറക്കെ പറയുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
22 ഭാഷകൾക്ക് തുല്ല്യ പരിഗണനയാണ് ഭരണഘടനയുടെ 18-ാം അനുഛേദത്തിൽ വ്യക്തമായി ഇരിക്കെയാണ് ആഭ്യന്തര മന്ത്രിയുടെ ധൃതി പിടിച്ച ശുപാർശ.1965-ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ സമരത്തിന്റെ തീക്ഷ്ണത മറക്കരുത്. തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഇക്കാര്യം രണ്ടു ദിവസം മുമ്പ് വീണ്ടും ഓർമ്മിപ്പിച്ചു. തീ കൊണ്ട് കളിക്കരുത് എന്ന വ്യക്തമായ താക്കീതും സ്റ്റാലിൻ നൽകിയെന്നുമാണ് മുല്ലപ്പള്ളിയുടെ വാദം. അഹിന്ദി പ്രദേശങ്ങളിൽ ഹിന്ദിയെ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ ഇംഗ്ലീഷും തുടരുമെന്ന് പ്രധാനമന്തി നെഹ്റു നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് അമിത് ഷായുടെ ശുപാർശകൾ എന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments