എറണാകുളം: നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് തിരിച്ചടി. വാഹനം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് വ്‌ളോഗർമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ‘നെപ്പോളിയൻ’ എന്ന വാൻ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇ ബുൾ ജെറ്റ് വ്ളോഗർമാർ ഹൈക്കോടതിയെ സമീപിച്ചത്.
നിലവിൽ മോട്ടോർവാഹന വകുപ്പിന്റെ കസ്റ്റഡിയിലാണ് വാൻ. ഇത് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇ ബുൾജെറ്റ് സഹോദരങ്ങൾ തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ വ്‌ളോഗർമാർ നിയമ ലംഘനം നടത്തിയെന്ന ഹൈക്കോടതി തലശ്ശേരി കോടതിയുടെ വിധി ശരിവയ്‌ക്കുകയായിരുന്നു. ഇതിന് പുറമേ രൂപമാറ്റം വരുത്തിയ വാൻ പഴയപടി ആക്കാനും കോടതി നിർദ്ദേശിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കേറ്റ് ലഭിക്കുന്നതുവരെ വാഹനം റോഡിൽ ഇറക്കരുതെന്നും ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് ചട്ടവിരുദ്ധമായി വാൻ രൂപമാറ്റം വരുത്തിയ സംഭവത്തിൽ ഇ ബുൾജെറ്റ് സഹോദരങ്ങളെ മോട്ടാർ വാഹന വകുപ്പ് അറസ്റ്റ് ചെയ്തതും, വാഹനം കസ്റ്റഡിയിൽ എടുത്തതും. ഈ സംഭവം വലിയ ചർച്ചയായിരുന്നു. വാഹനം കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു ഇ ബുൾജെറ്റ് സഹോദരങ്ങളുടെ ആരാധകരിൽ നിന്നും മോട്ടോർ വാഹന വകുപ്പിനെതിരെ ഉയർന്നുവന്നത്.
















Comments