ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിവാദ മാദ്ധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ഗാസിയാബാദിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഓൺലൈൻ പ്ലാറ്റ്ഫോമായ കെറ്റോയുടെ പേരിൽ പൊതുജനങ്ങളിൽ നിന്നും അനധികൃതമായി ധനസമാഹരണം നടത്തി എന്നതാണ് റാണ അയ്യൂബിനെതിരായ കേസ്. 2021 സെപ്റ്റംബർ 7നാണ് റാണ അയ്യൂബിനെതിരെ ഗാസിയാബാദിലെ ഇന്ദിരപുരം പോലീസ് സ്റ്റേഷനിൽ ഇഡി എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഐപിസി 1860, ഐടി ആക്ട്, കള്ളപ്പണ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എഫ് സി ആർ എ രജിസ്ട്രേഷൻ ഇല്ലാതെ വിദേശ രാജ്യങ്ങളിൽ നിന്നും ധനസമാഹരണം നടത്തിയതിനും റാണ അയ്യൂബിനെതിരെ കേസുണ്ട്. 2020 ഏപ്രിൽ മാസം മുതൽ കെറ്റോയുടെ പേരിൽ 2.70 കോടി രൂപ റാണ അയ്യൂബ് പിരിച്ചെടുത്തതായി ഇഡി കണ്ടെത്തിയിരുന്നു. ചേരിനിവാസികളെയും കർഷകരെയും സഹായിക്കൽ, അസം, ബിഹാർ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, കൊറോണ ദുരിതാശ്വാസം എന്നീ പേരുകളിലാണ് ഇവർ ധനസമാഹരണം നടത്തിയത്.
അച്ഛന്റേയും സഹോദരിയുടേയും അക്കൗണ്ടുകൾ ഉപയോഗിച്ച് പിരിച്ചെടുത്ത പണം റാണ അയ്യൂബ് പിന്നീട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ നിന്നും 50 ലക്ഷം രൂപ അവർ സ്വന്തം പേരിൽ സ്ഥിരനിക്ഷേപമാക്കുകയും 50 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ചെയ്തിരുന്നതായും ഇഡി കണ്ടെത്തി.
29 ലക്ഷം രൂപ മാത്രമാണ് റാണ അയ്യൂബ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത്. കൂടുതൽ പണം തട്ടുന്നതിനായി ഇവർ വ്യാജ ബില്ലുകളും സംഘടിപ്പിച്ചു. റാണ അയ്യൂബിന്റെ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം കൂടാതെ, 1.77 കോടി രൂപയുടെ നിക്ഷേപങ്ങളും ഇഡി കണ്ടുകെട്ടിയിരുന്നു.
















Comments