പത്തനംതിട്ട: ഇരട്ട ആഭിചാര കൊല നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ പുരയിടത്തിൽ നിന്നും അസ്ഥി ലഭിച്ചു. കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് അസ്ഥി ലഭിച്ചത്. മനുഷ്യന്റേതാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി അസ്ഥി പരിശോധനയ്‌ക്ക് അയക്കും.
ഭഗവൽ സിംഗിന്റെ പുരയിടത്തിൽ മറ്റൊരാളുടെ വീടിനോട് ചേർന്നുള്ള ഭാഗത്തു നിന്നാണ് അസ്ഥി ലഭിച്ചത്. പരിശേധനയ്‌ക്കിടെ ഇവിടെയെത്തിയപ്പോൾ നായ അസ്വാഭാവികത പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് എല്ല് ലഭിച്ചത്. പശുവിന്റേതിന് സമാനമായ രീതിയിൽ ഉറപ്പ് കൂടിയ എല്ലാണ് ഇവിടെ നിന്നും കണ്ടെത്തിയത്. അതിനാൽ എല്ല് മനുഷ്യന്റേത് അല്ലെന്നാണ് പ്രാഥമിക നിഗമനം. ഭഗവൽ സിംഗിന്റെ വീടിനു സമീപത്ത് അറവുശാല ഉണ്ട്. ഇവിടെ നിന്നുള്ള അവശിഷ്ടമാകാം ഇതെന്നും കരുതുന്നുണ്ട്.
പ്രദേശത്ത് പരിശോധന തുടരുകയാണ്. രണ്ട് പോലീസ് നായ്‌ക്കളുടെ സഹായത്തോടെയാണ് പോലീസ് പരിശോധന തുടരുന്നത്. സംശയം തോന്നുന്ന സ്ഥലങ്ങളിൽ കുഴിയെടുത്ത് പരിശോധിക്കുന്നുണ്ട്. രാവിലെ മുതലാണ് ഇലന്തൂരിലെ വീട്ടിൽ അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. പ്രതികൾ കൂടുതൽ പേരെ ആഭിചാര കൊലയ്‌ക്ക് ഇരയാക്കിയെന്നും, ശേഷം മൃതദേഹങ്ങൾ വീട്ടു വളപ്പിൽ കുഴിച്ചിട്ടുവെന്നുമാണ് പോലീസ് കരുതുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് പരിശോധന.
















Comments