പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട ആഭിചാരകൊലപാതകം നടന്ന വീട്ടിൽ വീണ്ടും പരിശോധന നടത്തി അന്വേഷണ സംഘം. പ്രതികളായ ഭഗവൽ സിംഗിന്റെയും ലൈലയുടെയും പുരയിടത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടേയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച നായകളായ മായയെയും മർഫിയെയും എത്തിച്ചാണ് പരിശോധന നടത്തുന്നത്. മൃതദേഹം മണം പിടിച്ച് കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ച നായ്‌ക്കളാണ് ഇവ.
നായകൾ അസ്വഭാവികമായ രീതിയിൽ മണം പിടിച്ച് നിന്ന സ്ഥലങ്ങളിൽ പോലീസ് കുഴിച്ച് പരിശോധിക്കും. നിലവിൽ മൂന്ന് സ്ഥലങ്ങളാണ് ഇത്തരത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ അസ്വഭാവികമായ രീതിയിൽ ചെടികൾ നട്ടുവളർത്തിയിട്ടുണ്ട്.
പോലീസ് നായകളിലൊന്ന് ആദ്യം മണം പിടിച്ചെത്തിയത് മഞ്ഞൾ ചെടികൾ നട്ടിപിടിപ്പിച്ച ഭാഗത്താണ്. ഈ ഭാഗത്തെത്തിയപ്പോൾ നായ കുരയ്‌ക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് പോലീസ് കുഴിയെടുത്ത് പരിശോധിക്കാനായി അടയാളപ്പെടുത്തി വെച്ചത്. അതിന് ശേഷം ഒരു ചെമ്പകം വളർന്ന് നിൽക്കുന്ന ഭാഗത്തും നായ നിന്നു. നായ മണം പിടിച്ച് നിൽക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് അവിടെ പ്രതികളെ എത്തിച്ച് പോലീസ് വിവരങ്ങൾ തേടുന്നുണ്ട്. അന്വേഷണത്തിൽ പ്രതികളുടെ വീട്ടിൽ നിന്നും അസ്ഥി ലഭിച്ചു. മനുഷ്യന്റെതാണെന്ന് സ്ഥിരീകരിക്കുന്നതിനായി അസ്ഥി പരിശോധനയ്‌ക്ക് അയക്കുമെന്നും പോലീസ് വ്യക്തമാക്കി.
ലൈലയെയും ഭഗവൽ സിംഗിനെയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവർ പറയുന്നില്ലെങ്കിലും ഇവർ എന്തോ മറച്ചുവയ്‌ക്കുന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരോട് മുഖ്യ പ്രതി ഷാഫി സഹകരിക്കുന്നില്ല. ഇത് പോലീസിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. അന്വേഷണസംഘം പ്രതികളുമായി വീട്ടിലെത്തിയപ്പോൾ ബിജെപി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
















Comments