ഭോപ്പാൽ: നമീബിയയിൽ നിന്നെത്തിയ ചീറ്റകൾ പൂർണ്ണ ആരോഗ്യവാന്മാരെന്ന് പ്രത്യേക നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട്. ഒരു മാസമായി ക്വാറന്റൈനിൽ തുടരുന്ന ചീറ്റകൾ നന്നായി ആഹാരം കഴിക്കുന്നതായും അധികൃതർ വ്യക്തമാക്കി. വരുന്ന രണ്ട് മാസത്തിനുള്ളിൽ ചീറ്റകളെ കാട്ടിലേക്ക് വിടാനാണ് തീരുമാനമെന്നും അധികൃതർ പറഞ്ഞു.
മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്ധ്യാനത്തിലെത്തി ഒരു മാസം പിന്നിടുന്ന വേളയിൽ ചീറ്റകളെ പ്രത്യേക സ്ഥലത്ത് പാർപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്ന സോഫ്റ്റ് റിലീസ് ഏരിയയിലേക്കാകും ചീറ്റകളെ മാറ്റുക. ഇത് സംബന്ധിച്ച് ടാസ്‌ക് ഫോഴ്‌സ് വരും ദിവസങ്ങളിൽ യോഗം ചേരുമെന്ന് അറിയിച്ചു.
30 മുതൽ 66 മാസം വരെ പ്രായമായ എട്ട് ചീറ്റകളെയാണ് ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിച്ചത്. വംശനാശം സംഭവിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ചീറ്റകളെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് ഇവയെ നിരീക്ഷിക്കുന്നതിനായാണ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയത്. പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനാണ് ഇതിന്റെ ചുമതല.രണ്ട് വർഷമാണ് ടാസ്‌ക് ഫോഴ്‌സ് ചീറ്റകളെ നിരീക്ഷിക്കുക. ഇന്ത്യയിൽ നിന്നും നമീബിയയിൽ നിന്നുമുള്ള മൃഗഡോക്ടർമാരും വിദഗ്ധരും ക്വാറന്റൈൻ പരിധിയിലുള്ള ചീറ്റകളെ നിരീക്ഷിക്കുന്നുണ്ട്.
















Comments