ഗീലോംഗ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിന് ആവേശകരമായ തുടക്കം. ഗീലോംഗിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ശ്രീലങ്കയ്‌ക്കെതിരെ നമീബിയക്ക് അട്ടിമറി വിജയം. 55 റൺസിനാണ് കുട്ടി ക്രിക്കറ്റിലെ കുഞ്ഞന്മാർ ലങ്കൻ കരുത്തിനെ കടപുഴക്കിയത്.
നേരത്തേ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. 28 പന്തിൽ 44 റൺസ് നേടിയ ജാൻ ഫ്രൈലിങ്കും 16 പന്തിൽ 31 റൺസ് നേടിയ ജെ ജെ സ്മിത്തുമാണ് നമീബിയക്ക് വേണ്ടി തിളങ്ങിയത്.
മറുപടി ബാറ്റിംഗിൽ 19 ഓവറിൽ 108 റൺസിൽ ശ്രീലങ്കയുടെ പോരാട്ടം അവസാനിച്ചു. ആക്രമണോത്സുകമായി പന്തെറിഞ്ഞ നമീബിയൻ ബൗളർമാർക്ക് മുന്നിൽ ശ്രീലങ്കൻ പുലികൾ പൂച്ചക്കുട്ടികളായി കൂടാരം കയറി. 2 വിക്കറ്റുകൾ വീതം പിഴുത ഡേവിഡ് വീസ്, ബെർണാർഡ് ഷോൾട്സ്, ബെൻ ഷികോംഗോ, ജാൻ ഫ്രൈലിങ്ക് എന്നിവരാണ് ശ്രീലങ്കയെ തകർത്തത്. 29 റൺസ് എടുത്ത ക്യാപ്ടൻ ദാസുൻ ശനാക മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചു നിന്നത്.
Comments