ബംഗളൂരു: രാഹുൽ ഗാന്ധിയ്‌ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ അഴിമതിയുടെ കണക്കുകളും വിശദാംശങ്ങളും രാഹുൽ ഗാന്ധിയ്‌ക്ക് അയച്ച് കൊടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസിന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നടന്ന അഴിമതികളെ കുറിച്ച് അന്വേഷിക്കുമെന്നും കേസുകളുടെ രേഖകൾ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക സർക്കാരിനെതിരായ രാഹുലിന്റെ വിമർശനങ്ങൾക്കായിരുന്നു ബസവരാജ ബൊമ്മെയുടെ മറുപടി. ബല്ലാരിയിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ സർക്കാരിനെതിരെ പരാമർശം നടത്തിയത്. കർണാടകയിൽ പണമുള്ള ആർക്കും സർക്കാർ ജോലി ലഭിക്കുമെന്നും 40 ശതമാനം കമ്മീഷൻ സംസ്ഥാന സർക്കാരിനാണ് ലഭിക്കുന്നതെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
കോൺഗ്രസ് ഭരണത്തിലേറിയപ്പോൾ നടത്തിയ അഴിമതികൾ രാഹുൽ ഗാന്ധി മറന്നതാണോ അതോ കോൺഗ്രസ് നേതൃത്വം വിവരിക്കാത്തതാണോയെന്നും ബസവരാജ് ബൊമ്മൈ ചോദിച്ചു. പോലീസിന്റെ അഴിമതിയും അദ്ധ്യാപക നിയമന അഴിമതിയും പോലെയുള്ള വലിയ അഴിമതികൾ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കേസുകളുടെ വിവരങ്ങളാണ് രാഹുലിന് അയച്ചു നൽകാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
















Comments