കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. നവംബർ 7 ന് സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദ്ദേശം.
പോപ്പുലർ ഫ്രണ്ടിന്റെയും സംഘടനാ നേതാവായിരുന്ന അബ്ദുൾ സത്താറിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാനാണ് കോടതി നിർദ്ദേശിച്ചത്. രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്നും കോടതിയെ അറിയിക്കണം. കീഴ്‌ക്കോടതികളിൽ പരിഗണനയിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങൾ അറിയിക്കാനും സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളുടെ റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്‌തെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. ഇന്ത്യയെ മുസ്ലീം രാഷ്‌ട്രമാക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്നത് സംബന്ധിച്ച് തെളിവുകൾ പിടിച്ചെടുത്തതോടെയാണ് സംഘടനയെ നിരോധിക്കാൻ ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങിയത്.
ഇതിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡുകൾ നടന്നത്. റെയ്ഡിൽ പ്രതിഷേധിച്ചായിരുന്നു കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഹർത്താൽ ആഹ്വാനം ചെയ്തത്. ഇതിന്റെ മറവിലായിരുന്നു കെഎസ്ആർടിസി ഉൾപ്പെടെയുളള പൊതു മുതലുകൾ വ്യാപകമായി നശിപ്പിച്ചുകൊണ്ടുളള അക്രമം അരങ്ങേറിയത്. ഹർത്താലിന്റെ മറവിൽ കലാപം സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
















Comments