പനാജി: രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തണമെന്ന് കോൺഗ്രസ് എംപി ഫ്രാൻസിസ്‌കോ സർദിൻഹ. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്നും അതിനാൽ ഭാരത് ജോഡോ യാത്ര നിർത്തി രാഹുൽ ഹിമാചലിലേക്ക് പോകണമെന്നും കോൺഗ്രസ് എംപി ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണത്തിന് വേണ്ടി ഹിമാചൽ പ്രദേശിലേക്കും ഗുജറാത്തിലേക്കും രാഹുൽ പോകണമെന്നാണ് കോൺഗ്രസ് നേതാവിന്റെ ആവശ്യം.
ഭാരത് ജോഡോ യാത്ര അവസാനിപ്പിച്ച് രാഹുൽ ഗാന്ധി ഹിമാചലിലേക്കും ഗുജറാത്തിലേക്കും എത്തി പൊതുജനങ്ങളെ ‘ഉണർത്തണം’. അതുവഴി ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരേയൊരു പാർട്ടിക്ക് വേണ്ടി വോട്ടുചെയ്യാൻ ജനങ്ങൾക്ക് കഴിയും. ബിജെപിയുടെ പ്രതിപക്ഷമാകേണ്ടത് കോൺഗ്രസാണെന്നും ഫ്രാൻസിസ്‌കോ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹിമാചൽ പ്രദേശിൽ നവംബർ 12-ന് നിയമസഭാ തിരഞ്ഞെടുപ്പും ഡിസംബർ 8-ന് വോട്ടെണ്ണലും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയിലേക്ക് ഈ വർഷം അവസാനത്തോടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
അതേസമയം പരാജയം ഉറപ്പാണെന്ന് അറിഞ്ഞിട്ടും മത്സരിക്കുന്നതിൽ അർത്ഥമില്ലെന്ന് ഗോവ മുൻ മുഖ്യമന്ത്രി കൂടിയായ സർദിൻഹ അഭിപ്രായപ്പെട്ടു. ‘ശശി തരൂർ എന്റെ സഹപ്രവർത്തകനാണ്. എന്നാൽ എല്ലാവരും മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് ഒപ്പമാണ്. അതിനാൽ തോൽക്കുമെന്ന് 100 ശതമാനം ഉറപ്പുള്ളപ്പോൾ വെറുതെ മത്സരിച്ചുവെന്ന് കാണിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. തരൂരിനെ കാണാൻ സാധിച്ചിരുന്നെങ്കിൽ ഇക്കാര്യം ബോധിപ്പിക്കുമായിരുന്നു. ഖാർഗെ പുതിയ അദ്ധ്യക്ഷനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments