കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട കൊലപാതകത്തിന് പിന്നാലെ ആഭിചാരങ്ങളും മന്ത്രവാദവും തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കേരള യുക്തിവാദി സംഘമാണ് ഹർജി നൽകിയത്. രാജ്യം മുഴുവൻ ബാധകമായ നിയമം കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ കൊണ്ടുവരണമെന്നാണ് ഹർജി. കേരളത്തിൽ നടന്ന തിരോധാനങ്ങൾ പ്രത്യേക സംഘത്തെ വച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് നാളെ ഹർജി പരിഗണിക്കും.
അതേസമയം, ഇലന്തൂർ കൊലപാതക കേസ് പ്രതി മുഹമ്മദ് ഷാഫിയുമായി കൊച്ചിയിൽ പൊലീസ് തെളിവെടുപ്പ് നടത്തി. കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധന നടത്തിയ ശേഷാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയത്. കൊല്ലപ്പെട്ട പത്മത്തിന്റെ ആഭരണം പണയം വച്ച ധനകാര്യ സ്ഥാപനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പണയം വെച്ച 39 ഗ്രാമിന്റെ ആഭരണം കസ്റ്റഡിയിലെടുക്കുകയും ഇതിന്റെ രേഖകൾ കണ്ടെടുക്കുകയും ചെയ്തു. പണമിടപാട് സംബന്ധിച്ച് ചില രേഖകൾ ഷാഫിയുടെ വീട്ടിൽ നിന്ന് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങളിൽ ചില ആന്തരികാവയവങ്ങൾ ഇല്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അവയവങ്ങൾ മുറിച്ചു മാറ്റിയ ശേഷം ഇവ കുഴിയിൽ തന്നെ നിക്ഷേപിച്ചു എന്നാണ് പ്രതികളുടെ മൊഴി. നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗന്റെ വീട്ടിലും പറമ്പിലും കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് കൃത്യം നടന്ന വീട്ടിലും പറമ്പിലും വിശദമായ പരിശോധന നടത്തിയത്.
















Comments