പൂനെ: ഒമിക്രോൺ വൈറസിന്റെ ഉപവകഭേദം ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. ഒമിക്രോണിന്റെ ബിക്യൂ.1 ഉപവകഭേദമാണ് പൂനെയിൽ കണ്ടെത്തിയത്. മഹാരാഷ്‌ട്ര സർക്കാർ രോഗം വ്യാപിക്കുന്നതായി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. അപകട സാദ്ധ്യത കൂടുതലുള്ള കുട്ടികളും മുതിർന്നവരും ഗർഭിണികളും മറ്റ് രോഗത്തിന് ചികിത്സിക്കുന്നവരും മുൻകരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു.
ഒമിക്രോണിന്റെ ബിഎ.5 ഉപവകഭേദത്തിന്റെ ജനിതക പരമ്പരയിൽപ്പെട്ടതാണ് ബിക്യൂ.1 , ബിക്യൂ.1.1 എന്നിവ. ഇവ രണ്ടും തീവ്ര വ്യാപന ശേഷിയുള്ളതാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ പത്ത് ശതമാനവും ബിഎ.5 വകഭേദം മൂലമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കൊറോണ കേസുകളിൽ 17.7 ശതമാനത്തിന്റെ വർദ്ധനയാണ് റിപ്പോർട്ട് ചെയ്തത്. പുതിയതായി 23 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. താനെ, റായ്ഗഡ്, മുംബൈ എന്നിവിടങ്ങളിലാണ് കേസുകൾ അധികവും റിപ്പോർട്ട് ചെയ്യുന്നത്.
പനി പോലുള്ള ലക്ഷണങ്ങളെ അവഗണിക്കരുതെന്നും പൊതു സ്ഥലങ്ങളിൽ മാസ്‌കും സാനിസൈറും സാമൂഹിക അകലവും പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇൻഫ്‌ളുവൻസ പോലുള്ള രോഗം ബാധിച്ചവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും എല്ലാവരും നിർബന്ധമായി ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Comments