പൊരിവെയിലത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു കുടയോ അല്ലെങ്കിൽ സ്‌കാർഫോ എടുക്കുക പതിവാണ്. വെയിലിനെ പേടിച്ച് ഉച്ച സമയത്ത് പുറത്തിറങ്ങാതിരിക്കുന്നവരും കൂടുതലാണ്. സൂക്ഷിച്ചില്ലെങ്കിൽ സൂര്യൻ നമ്മുടെ ചർമ്മത്തിന് ദോഷം വരുത്തുകയും നിറം കവർന്നെടുക്കുയും പ്രായത്തിന്റെ പാടുകൾ വരുത്തുകയും ചെയ്യുന്നു. സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ വേണ്ടി നമ്മളിൽ പലരും ആശ്രയിക്കുന്ന ഒന്നാണ് സൺസ്‌ക്രീൻ.
ദോഷകരമായ അൾട്രാവയലറ്റ് റേഡിയേഷൻ ഏൽക്കുന്നതിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയാണ് സൺസ്‌ക്രീൻ ചെയ്യുന്നത്. സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സൺസ്‌ക്രീനുകൾക്ക് കഴിയും. അതിനാൽ പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ഒരു ശീലമാക്കണം.
ഇത് ഉപയോഗിക്കേണ്ട രീതിയിലും വ്യത്യാസങ്ങളുണ്ട്. നമ്മുടെ മുഖത്തും ശരീരത്തിലും എത്രത്തോളം സൺസ്‌ക്രീൻ ഉപയോഗിക്കണമെന്ന് പലർക്കും അറിയില്ല. നിങ്ങളുടെ മുഖത്ത് പുരട്ടാനായി കൈപ്പത്തിയിൽ അഞ്ച് രൂപ നാണയത്തിന്റെ വലുപ്പത്തിൽ സൺസ്‌ക്രീൻ എടുക്കണം. രണ്ട് കൈകളിലും ഇതേ അളവ് വേണം. അരയ്‌ക്കു മുകളിലുള്ള ഭാഗത്തും മുതുകിലും പുരട്ടാൻ രണ്ട് രൂപ നാണയത്തിന്റെ വലുപ്പത്തിൽ സൺസ്‌ക്രീൻ പ്രയോഗിക്കണം. കാലിനും കാൽവിരലിനും പുരട്ടാനായി ഏകദേശം ഇതിന്റെ ഇരിട്ടി എടുക്കേണ്ടത് അനിവാര്യമാണ്. കൃത്യമായ അളവിൽ തന്നെ സൺസ്‌ക്രീൻ എടുക്കണം.
സൂര്യനിൽ നിന്ന് കൂടുതൽ സംരക്ഷണം ലഭിക്കുന്നതിനായി ഉയർന്ന എസ്പിഎഫുള്ള സൺസ്‌ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കാലാവധി തീർന്ന സൺസ്‌ക്രീനുകൾ പരമാവധി ഒഴിവാക്കുക. ഒരു സൺസ്‌ക്രീൻ പായ്‌ക്കറ്റ് നേരിട്ട് സൂര്യപ്രകാശത്തിൽ തട്ടാത്ത രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ, ഒരു വർഷം വരെ അത് ഉപയോഗിക്കാനാവും.
ദിവസം ഒരു തവണ മാത്രം സൺസ്‌ക്രീൻ ഉപയോഗിച്ചാൽ മതിയെന്ന ധാരണയും തെറ്റാണ്. ഓരോ രണ്ട് മണിക്കൂറിനിടയിലും ഇത് ഉപയോഗിക്കണം. ഇരുണ്ട ചർമ്മമുള്ളവരാണെങ്കിൽ മൂന്ന് തവണ വേണമെങ്കിലും ഉപയോഗിക്കാം. പുറത്ത് പോയി കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും ഇക്കാര്യം മറക്കരുത്. പുറത്തിറങ്ങുന്നതിന് 20-30 മിനിറ്റ് മുൻപെങ്കിലും ഇത് ഉപയോഗിക്കണം. അതുപോലെ തന്നെ സൺസ്‌ക്രീനുകൾ വേനൽക്കാലത്ത് മാത്രമല്ല, തെളിഞ്ഞ ദിവസങ്ങളിലും ശൈത്യകാലത്തും അത്യാവശ്യമായ ഒന്നാണിത്.
















Comments