ഭോപ്പാൽ: ഉജ്ജെയ്നിലെ മഹാകാൽ ക്ഷേത്രത്തിൽ ഇൻസ്റ്റഗ്രാം റീൽ പകർത്തിയ പെൺകുട്ടിയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മദ്ധ്യപ്രദേശ് സർക്കാർ. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്ഷേത്രത്തിനുള്ളിൽ ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ നൃത്തം ചവിട്ടുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.
ക്ഷേത്രത്തിന് പുറത്തും, അകത്തും, ശ്രീകോവിലിന് മുൻപിലുമായാണ് പെൺകുട്ടി നൃത്തം ചവിട്ടി റീൽ വീഡിയോ പകർത്തിയത്. ആ സമയം പൂജകൾ നടക്കുകയായിരുന്നു. ഇത് ഗൗനിക്കാതെയായിരുന്നു വീഡിയോ ചിത്രീകരണവും നൃത്തവും. വിഗ്രഹത്തിൽ ജലാഭിഷേകം നടത്തുന്നതും പെൺകുട്ടി റീലായി ചിത്രീകരിച്ചിരുന്നു. പിന്നാലെ ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ക്ഷേത്രം അധികൃതരും ഹിന്ദു വിശ്വാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെയായിരുന്നു നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്.
സംഭവത്തിൽ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിയ്ക്കുമാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മത വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നടപടികൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് നരോത്തം മിശ്ര പറഞ്ഞു.
Comments