തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് യുറോപ്പ് പര്യടനം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ മേഖലകളിൽ നോർവെയുമായി സഹകരണമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. യുറോപ്പ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കേരളവുമായി നോർവെ സഹകരിക്കുമെന്ന് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി അവകാശപ്പെട്ടത്. കേരളത്തിലെ പ്രകൃതി ദുരന്തങ്ങളെപ്പറ്റി നോർവെ സംഘത്തോട് വിശദീകരിച്ചെന്നും ആവശ്യമായ സഹായങ്ങൾ അവർ ഉറപ്പ് നൽകിയെന്നുമാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
പ്രകൃതി ദുരന്തം തടയാൻ നോർവെ പൂർണ്ണ പിന്തുണ നൽകി. ദുരന്തം തടയാൻ പ്രളയ മാപ്പിംഗിന് നോർവെയുടെ സഹായം ലഭിച്ചുവെന്നും അത് പ്രാവർത്തികമാക്കുമെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. നോർവെയിൽ കുപ്പി വെള്ളമില്ല എന്നും പൈപ്പ് ലൈനിൽ കൂടിയുള്ള വെള്ളമാണ് അവർ കുടിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇത് കേരളത്തിലും സാധ്യമാക്കും, സംസ്ഥാനത്തെ പൈപ്പ് വെള്ളം ശുദ്ധീകരിക്കും. നോർവെയിൽ നിന്നും പലതും പഠിക്കാനുണ്ട് എന്നും നോർവെ മാതൃക കേരളത്തിന് അനുകരണീയമാണെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
വെളളപ്പൊക്കം നേരിടുന്നതിനെ കുറിച്ച് പഠിക്കാൻ പിണറായി വിജയൻ നടത്തിയ നെതർലൻഡ്സ് യാത്രയ്‌ക്ക് പിന്നാലെ നടത്തിയ അവകാശവാദങ്ങൾക്ക് സമാനമായ വാദങ്ങളാണ് യൂറോപ്പ് പര്യടനത്തിന് ശേഷവും മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. പ്രളയ മാപ്പിംഗിന് നോർവെ സഹായം നൽകാൻ തയ്യാറായി എന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന നെതർലാന്റ്‌സ് വെളളപ്പൊക്കം പോലുളള പ്രകൃതിക്ഷോഭങ്ങളെ എങ്ങനെ നേരിടുന്നുവെന്ന് പഠിക്കാൻ മുഖ്യമന്ത്രി യാത്ര നടത്തിയിരുന്നു. അന്ന് നെതർലൻഡ്സിന്റെ സഹായത്തോടെ ‘റൂം ഫോർ റിവർ’ പദ്ധതി ഉടൻ നടപ്പാക്കും എന്നതായിരുന്നു പിണറായി വിജയൻ നൽകിയ ഉറപ്പ്. എന്നാൽ അതിനു ശേഷവും കേരളത്തെ പ്രളയം ബാധിച്ചു. ഇതുവരെ പദ്ധതി നടപ്പാക്കാൻ കേരളാ സർക്കാരിന് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ‘പ്രളയ മാപ്പിംഗ്’ എന്ന പുതിയ അവകാശവാദവുമായി മുഖ്യമന്ത്രി എത്തിയത്.
















Comments