ന്യൂഡൽഹി: ഘസ്‌വ-ഇ-ഹിന്ദ് കേസുമായി ബന്ധപ്പെട്ട് ബിഹാറിലെ മൂന്നിടങ്ങളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി. ബിഹാറിലെ പട്‌ന ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഫുൽവാരിഷരീഫ് മേഖലയിലെ മുനീർ കോളനി സ്വദേശിയായ മാർഗൂബ് അഹമ്മദ് ഡാനിഷ് എന്ന താഹിർ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പട്‌നയിലെ വിവിധയിടങ്ങളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.
അറസ്റ്റിലായ താഹിർ സോഷ്യൽമീഡിയ വഴി യുവാക്കളെ തെറ്റായ മാർഗത്തിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുകയും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പായ ഘസ്‌വ-ഇ-ഹിന്ദ് വഴി നിരവധി വിദേശ ഗ്രൂപ്പുകളുമായി താഹിർ ബന്ധം പുലർത്തിയിരുന്നു. കശ്മീരിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങളെയും ഭീകരാക്രമണങ്ങളെയും പ്രകീർത്തിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ഘസ്‌വ-ഇ-ഹിന്ദ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പിലേക്ക് പുതിയതായി ഉൾപ്പെടുത്തിയ യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്ന വിധമുള്ള സന്ദേശങ്ങളും ലേഖനങ്ങളും ഇതിലുണ്ടായിരുന്നു.
കൂടാതെ ഘസ്‌വ-ഇ-ഹിന്ദ് ബി.ഡി എന്ന പേരിൽ മറ്റൊരു വാട്‌സ്ആപ്പ് ഗ്രൂപ്പും താഹിർ തയ്യാറാക്കിയിരുന്നു. അക്രമത്തിലൂടെ ഇന്ത്യയെ എങ്ങനെ കീഴടക്കാമെന്നതിനെക്കുറിച്ചാണ് ഈ ഗ്രൂപ്പിലുണ്ടായിരുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ ജൂലൈ 14-നായിരുന്നു സംഭവത്തിൽ ഫുൽവാരിഷരീഫ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജൂലൈ 22ന് കേസ് എൻഐഎ ഏറ്റെടുക്കുകയും ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ താഹിറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ നിരവധി രേഖകളും പോലീസ് കണ്ടെത്തിയിരുന്നു.
















Comments