തിരുവനന്തപുരം: കേരളത്തെ വീണ്ടെടുക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി. ഭൂമിശാസ്ത്രപരമായും ഭാഷാടിസ്ഥാനത്തിലുമുള്ള ഒരു സംസ്ഥാനം എന്നതിലുപരി കേരളത്തെ പ്രത്യേക പ്രതിഭാസമായി കാണാനും വ്യാഖ്യാനിക്കാനും കമ്യൂണിസ്റ്റ് ചിന്താഗതിക്കാർ ബോധപൂർവമായി ശ്രമിച്ചിരുന്നു. അതിന് കുറെയൊക്കെ ഫലമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ബിജെപി പറഞ്ഞു. നാം ഭാരതത്തെ മാതൃരാജ്യമായി കണക്കാക്കിയപ്പോൾ കേരളം മലയാളികളുടെ മാതൃഭൂമിയാക്കാനുള്ള ശ്രമങ്ങളുമുണ്ടായി. കേരളീയരുടെ ദേശീയോത്സവമായ ഓണത്തെ പോലും തെറ്റായി വ്യാഖ്യാനിക്കാൻ ഇടതു ചരിത്രകാരൻമാർക്ക് കഴിഞ്ഞു. കമ്യൂണിസം ഏതു നാട്ടിലും ആദ്യം ചെയ്യുക ആ നാടിന്റെ തനതായ സംസ്കാരം നശിപ്പിക്കുക എന്നതാണെന്ന് ബിജെപി ചൂണ്ടിക്കാണിച്ചു.
ശ്രീനാരായണ ഗുരുദേവനെ നിരന്തരം അവഹേളിച്ച കമ്യൂണിസ്റ്റുകാർ അത് ഫലിക്കുന്നില്ലെന്ന് കണ്ടപ്പോൾ അദ്ദേഹം ഹിന്ദുവല്ലെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന് ജന്മനാടായ തിരൂരിൽ ഒരു സ്മാരകം പോലും പണിയാൻ കേരളം മാറി മാറി ഭരിച്ച സർക്കാരുകൾ തയ്യാറാവാത്തതിന് പിന്നിൽ മതപ്രീണനമാണ്. നാടിനെ ഭിന്നിപ്പിക്കാനും നാടിന്റെ സംസ്കാരമായ കേരളീയതയെ ഇല്ലായ്മ ചെയ്യാനുമുള്ള കമ്യൂണിസ്റ്റ് ഗൂഢാലോചനയെ പ്രതിരോധിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഏറെ കൊട്ടിഘോഷിച്ച് കമ്യൂണിസ്റ്റ് സർക്കാർ കൊണ്ടു വന്ന ഭൂപരിഷ്ക്കരണം ഒരു വലിയ പരാജയമായിരുന്നു. കേരളത്തിലെ ഭൂമിയുടെ 50 ശതമാനത്തിലധികവും 100 വ്യക്തികളുടെ കയ്യിലാണെന്ന കണക്ക് മാത്രം മതി ഭൂപരിഷ്ക്കരണം വിജയിച്ചില്ലെന്ന് മനസിലാക്കാൻ എന്നും ബിജെപി ചൂണ്ടിക്കാണിച്ചു.
സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ വിദ്യാഭ്യാസ- ആരോഗ്യമേഖലകളിൽ കേരളത്തിന് കാര്യമായ നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നു. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ കാണുന്നതിനേക്കാൾ രൂക്ഷമായ തീണ്ടിക്കൂടായ്മയും ജാതീയതയും ഒരു ചെറിയ കാലഘട്ടത്തിലെങ്കിലും കേരളത്തിൽ നിലനിന്നെങ്കിലും അത് തിരുത്തുവാനുള്ള പരിശ്രമവും കേരളത്തിൽ തന്നെ ഉണ്ടായി. അതാണ് കേരളത്തിന്റെ ആന്തരികമായ ശക്തി. എന്നാൽ ഇന്ന് ഭക്ഷ്യോല്പന്നങ്ങൾക്കും ഉപഭോഗ വസ്തുക്കൾക്കുമായി അന്യ സംസ്ഥാനങ്ങളെ കൂടുതൽ ആശ്രയിക്കുന്ന സംസ്ഥാനമായി മാറി കേരളം. വിദ്യാസമ്പന്നരായ ജനങ്ങളുണ്ടെങ്കിലും തൊഴിലവസരങ്ങളില്ലാത്തതിനാൽ തൊഴിലില്ലായ്മ കൂടിയ സംസ്ഥാനമായി മാറി. മത മൗലിക ശക്തികളുടെയും മത തീവ്രവാദികളുടെയും വിളനിലവും ഏറ്റവും അധികം രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്ന നാടായും മാറി കേരളം. ഇതിൽ നിന്നെല്ലാം കേരളത്തെ വീണ്ടെടുക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് പാർട്ടി വ്യക്തമാക്കി.
Comments