തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് കേരള സർവ്വകലാശാല വിസി. നവംബർ നാലിന് സ്‌പെഷൽ സെനറ്റ് വിളിച്ചുചേർത്തിരിക്കുകയാണ് വിസി. ഒരു സിപിഎം സെനറ്റ് അംഗം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഗവർണർ പുറത്താക്കിയ 15 പേർക്കും യോഗത്തിൽ പങ്കെടുക്കാൻ വൈസ് ചാൻസലർ നോട്ടീസ് നൽകുകയും ചെയ്തു.
സെനറ്റ് അംഗങ്ങളെ നീക്കംചെയ്ത ഉത്തരവ് ചട്ടവിരുദ്ധമാണെന്നും നടപടി പിൻവലിക്കണമെന്നം ആവശ്യപ്പെട്ട് വിസി ഇന്നലെ ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാനായിരുന്നു ഗവർണറുടെ മറുപടി. ഇതിന് പിന്നാലെയാണ് വിസി സ്‌പെഷൽ സെനറ്റ് വിളിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.
വൈസ് ചാൻസലർ നിയമനത്തിനുളള സെർച്ച് കമ്മറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ നിന്ന് വിട്ടുനിന്ന 15 പേരെയാണ് ഗവർണർ തന്റെ അധികാരം ഉപയോഗിച്ച് പുറത്താക്കിയത്. സർക്കാർ താൽപര്യം സംരക്ഷിക്കാനായിരുന്നു ഇവർ വിട്ടുനിന്നത്. സിൻഡിക്കേറ്റ് അംഗങ്ങളായ രണ്ട് സിപിഎംകാരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ചാൻസലർ എന്ന നിലയിൽ നാമനിർദ്ദേശം ചെയ്ത പ്രതിനിധികളെ പിൻവലിക്കാൻ അധികാരം നൽകുന്ന സർവ്വകലാശാലാചട്ടം അനുസരിച്ചാണ് ഗവർണർ ഇവരെ പുറത്താക്കിയത്.
നവംബർ 4 ന് സെനറ്റ് യോഗം ചേർന്ന് സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവും പ്രഖ്യാപിച്ചിരുന്നു. ഗവർണർ ഏകപക്ഷീയമായി സെനറ്റ് പ്രതിനിധി കൂടാതെ സെർച്ച് കമ്മിറ്റി വിളിച്ചുകൂട്ടിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു. ഈ തീരുമാനം പുനപരിശോധിക്കണമെങ്കിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം ആവശ്യമാണെന്നും അതിനുവേണ്ടി യോഗം ചേരുന്നുവെന്നുമാണ് സെനറ്റ് അംഗങ്ങൾക്ക് നൽകിയ നോട്ടീസിൽ അറിയിച്ചിട്ടുള്ളത്.
















Comments