അഹമ്മദാബാദ്; ഇംഗ്ലീഷ് ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമാണെന്നും ബുദ്ധിയുടെ അളവുകോലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിനഗറിലെ അദ്‌ലജ് ടൗണിൽ ഗുജറാത്ത് സർക്കാരിന്റെ മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഇംഗ്ലീഷ് എന്നത് ആശയവിനിമയത്തിനുള്ള മാധ്യമം എന്നതിലുപരി ബുദ്ധിയുടെ മാനദണ്ഡമായി കണക്കാക്കിയിരുന്നു. എന്നാൽ ഇന്ന് അതില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, ഇംഗ്ലീഷ് ഭാഷയിലുളള അറിവ് ബൗദ്ധികതയുടെ അടയാളമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ ഇംഗ്ലീഷ് ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമാണ്,’ പ്രധാനമന്ത്രി പറഞ്ഞു. ഇംഗ്ലീഷിലല്ല, ഹിന്ദിയിൽ പ്രാഗൽഭ്യം ഉള്ളവർ പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇംഗ്ലീഷ് ഭാഷ മുൻപ് ഒരു തടസ്സമായിരുന്നു. ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി യുവ പ്രതിഭകൾക്ക് ഇംഗ്ലീഷിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്തതിനാൽ ഡോക്ടർമാരും എഞ്ചിനീയർമാരും ആകാൻ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം ഇംഗ്ലീഷ് ഭാഷയെ ചുറ്റിപ്പറ്റിയുള്ള അടിമത്ത അവസ്ഥയിൽ നിന്ന് രാജ്യത്തെ കരകയറ്റുമെന്നും അദ്ദേഹം ഉറപ്പുനൽകി. ‘ഇംഗ്ലീഷ് മീഡിയത്തിൽ വിദ്യാഭ്യാസം നേടിയില്ലെങ്കിലും ദരിദ്രരായ മാതാപിതാക്കളുടെ കുട്ടികളെയും ഡോക്ടർമാരും എഞ്ചിനീയർമാരും ആക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് ഭാഷയുടെ അഭാവം മൂലം ആരും പിന്നോക്കം പോകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ, രാജ്യത്ത് പുതുതായി ആരംഭിച്ച 5ജി ടെലികോം സേവനങ്ങൾ വിദ്യാഭ്യാസത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ‘5ജി സേവനം സ്മാർട്ട് ക്ലാസ് മുറികൾ, സ്മാർട്ട് അദ്ധ്യാപനം, എന്നിവയിലേക്ക് നയിക്കും. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉന്നതങ്ങളിലേക്ക് കൊണ്ടുപോകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന
















Comments