കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ പ്രതിയായ മാമ്പഴ മോഷണ കേസ് ഒത്തുതീർപ്പിലേക്ക്. ഇതിനായി പഴക്കട വ്യാപാരി സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് അബ്ദുൽ റസാഖാണ് അംഗീകരിച്ചത്.
ഐ പി സി 379 പ്രകാരമാണ് സംഭവത്തിൽ കേസ് എടുത്തിരുന്നത്. ഇതിന്റെ തുടർ നടപടികൾ അവസാനിപ്പിച്ചു കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ അത് പോലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു മാമ്പഴ മോഷണം ഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പഴക്കട വ്യാപാരി കോടതിയെ സമീപിച്ചത്. പ്രതിയായ ഷിഹാബ് തനിക്കുണ്ടായ നഷ്ടം നികത്താമെന്ന് വാഗ്ദാനം ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് വ്യാപാരി കോടതിയെ സമീപിച്ചത്. അതേസമയം ഒത്തു തീർപ്പ് അപേക്ഷയെ കോടതിയിൽ പോലീസ് എതിർത്തിരുന്നു.
കഴിഞ്ഞ മാസം 30 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഷിഹാബ് മാമ്പഴം മോഷ്ടിച്ചത്. കിലോയ്‌ക്ക് 600 രൂപ വരുന്ന 10 കിലോ മാമ്പഴമാണ് ഷിഹാബ് മോഷ്ടിച്ചത്.
Comments