കൊല്ലം : കിളികൊല്ലൂരിൽ സഹോദരങ്ങളെ സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനുമാണ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നത്. ഇവർ പോലീസിനെ ആക്രമിച്ചെന്ന പേരിൽ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഈ കേസ് വ്യാജമാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. സൈനികനായ വിഷ്ണു ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്‌ഐയുമായി ഉണ്ടായ വാക്കു തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് കമ്മീഷണർ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് എസ്എച്ച്ഒ, എസ്‌ഐ, മറ്റ് രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു.
സൈനികനായ സഹോദരന്റെ ചൂണ്ടുവിരൽ പോലീസ് തല്ലിയൊടിക്കുകയും വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിക്കാൻ പോലീസ് പറഞ്ഞെന്നും വിഘ്‌നേശ് പറഞ്ഞു.പോലീസിന് അനുകൂലമായി പറഞ്ഞില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി പരിക്കേറ്റ വിഘ്‌നേശ് പറഞ്ഞു. ആരെങ്കിലും അടിച്ചതാണെന്നോ വണ്ടിയിൽ നിന്ന് വീണതാണെന്നോ പറഞ്ഞാൽ മതിയെന്ന് പോലീസ് പറഞ്ഞിരുന്നതായും വിഘ്‌നേശ് കൂട്ടിച്ചേർത്തു. പോലീസിനെ ആക്രമിച്ചിട്ടില്ലെന്നും ക്രൂര മർദ്ദനത്തിന് ഇരകളാവുകയാണ് ചെയ്തതെന്നും സഹോദരങ്ങൾ പറഞ്ഞു. സംഭവം വിവാദമായതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടത്.
















Comments