ന്യൂഡൽഹി: അസമിലെ ഒരു ജില്ലയിൽ നിന്ന് കൂടി സൈനിക നിയമമായ അഫ്സ്പ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. വെസ്റ്റ് കാർബി ആംഗ്ലോംഗ് ജില്ലയിൽ നിന്നാണ് അഫ്സ്പ പിൻവലിക്കുന്നത്. ജില്ലയിലെ ക്രമസമാധാന നില ഗുണകരമായ രീതിയിൽ പുരോഗമിച്ചതു കൊണ്ടാണ് അഫ്സ്പ പിൻവലിക്കുന്നതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
അതേസമയം, അസമിലെ എട്ട് ജില്ലകളിലും ഒരു സബ് ഡിവിഷനിലും അടുത്ത ആറ് മാസത്തേക്ക് കൂടി അഫ്സ്പ തുടരും. 2023 ഏപ്രിൽ വരെയാണ് ഇവിടങ്ങളിൽ അഫ്സ്പ തുടരുക. ടിൻസൂകിയ, ദിബ്രുഗഢ്, ചരായ്ദേവ്, ശിവസാഗർ, ജോർഹട്ട്, ഗോലാഘട്ട്, ദിമാ ഹസാവോ ജില്ലകളിലും, ലഖിപൂരിലെ കചാറിലുമാണ് അഫ്സ്പ തുടരുക.
1990 മുതൽ അസമിൽ നിലവിലുള്ള നിയമമാണ് അഫ്സ്പ. ഓരോ ആറ് മാസം കൂടുമ്പോഴും സാഹചര്യങ്ങൾ വിലയിരുത്തി ഇത് ബാധകമാകുന്ന മേഖലകളുടെ കാര്യത്തിൽ ഭേദഗതികൾ വരുത്താറുണ്ട്. അസമിൽ ബിജെപി സർക്കാർ നിലവിൽ വന്നതിന് ശേഷം ക്രമസമാധാന പ്രശ്നങ്ങൾ വലിയ തോതിൽ കുറഞ്ഞത് മിക്കയിടങ്ങളിൽ നിന്നും അഫ്സ്പ പിൻവലിക്കാൻ സഹായകമായിരുന്നു.
Comments