റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയവും വിറ്റഴിക്കപ്പെടുന്നതുമായ മോട്ടോർസൈക്കിളാണ് ക്ലാസിക് 350. വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ മിന്നിത്തിളങ്ങുന്ന മോഡൽ വീണ്ടും കരുത്ത് തെളിയിച്ചിരിക്കുകയാണ്. സെപ്റ്റംബർ മാസം ക്ലാസിക് 350 മോഡലിന് വൻ വില്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 സെപ്റ്റംബറിൽ ക്ലാസിക് 350-യുടെ 27,571 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടു എന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ദീപാവലിയോട് അനുബന്ധിച്ച് വാഹനത്തിന്റെ ബുക്കിംഗ് തുക കുറച്ചിരിക്കുകയാണ് കമ്പനി. 11,000 രൂപയ്‌ക്ക് ക്ലാസിക് 350 ഇപ്പോൾ ബുക്ക് ചെയ്യാം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 13,751 യൂണിറ്റ് ബൈക്കുകൾ മാത്രമാണ് കമ്പനിയ്‌ക്ക് വിറ്റഴിക്കാൻ സാധിച്ചത്. പുതിയ പതിപ്പുകൾ വന്നതിനെ തുടർന്ന് ക്ലാസിക് 350 ന്റെ വില്പന താത്കാലികമായി നിർത്തിവെച്ചതുമാണ് കഴിഞ്ഞ സെപ്റ്റംബറിൽ മോഡലിന്റെ വില്പന കുറയാൻ കാരണം. 2022 ഓഗസ്റ്റിൽ ക്ലാസിക് 350 യുടെ 18,993 യൂണിറ്റുകൾ വിറ്റിരുന്നു. ഒക്ടോബറിലെ വിൽപ്പന ഡാറ്റ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 യുടെ പുതിക്കിയ പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു.
349 സിസി, എയർ/ഓയിൽ-കൂൾഡ് എഞ്ചിൻ അടങ്ങുന്ന പുതിയ ക്ലാസിക് 350 J പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സാണ് വാഹനത്തിനുള്ളത്. 19-18 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷനിൽ ടെലിസ്‌കോപ്പിക് ഫോർക്കുകൾ, ഡ്യുവൽ സ്പ്രിംഗുകൾ, രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌ക് എന്നിവയും വാഹനത്തിന് ലഭിക്കുന്നു. 1.90 ലക്ഷം രൂപയിൽ തുടങ്ങി 2.21 ലക്ഷം രൂപ വരെയാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350 യുടെ എക്സ്-ഷോറൂം വില.
Comments