എറണാകുളം : കെഎസ്ആർടിസിയെ പരസ്യം കൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി.ബസ്സുകളുടെ പിന്നിലും വശങ്ങളിലും പരസ്യം പതിക്കാനുള്ള നിയമപരമായ അനുമതി ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ മറുപടി. വലിയ പ്രതിസന്ധിയിലൂടെയാണ് കെഎസ്ആർടിസി മുന്നോട്ട് പോകുന്നത്. പരസ്യം ഒഴിവാക്കിയാൽ അത് വീണ്ടും കോർപ്പറേഷനെ പ്രതിസന്ധിയിൽ എത്തിക്കും. വിഷയത്തിൽ കെഎസ്ആർടിസിയെ കൂടി കേൾക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇത്തരത്തിലോരു പരാമർശം നടത്തിയത്. ഇതിനിടെ
കെഎസ്ആടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ ,പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ല. നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ പിൻവലിക്കണം. കെഎസ്ആർടിസി, കെയുആർടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് തുടങ്ങിയവയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.
നിലവിലെ ഗതാഗത ചട്ടം അനുസരിച്ച് സർക്കാർ അനുമതിയോടെ വാഹനങ്ങളിൽ പരസ്യം പതിക്കാനാകും. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപയാണ് കെഎസ്ആർടിസിക്ക് ലഭിക്കുന്നത് എന്നിങ്ങനെയായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം.
Comments