ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു ഇതിഹാസ കഥാപാത്രങ്ങളെ അധിക്ഷേപിച്ച നിരൂപകനെതിരെ കേസ് എടുത്ത് പോലീസ്. മഥുര സ്വദേശിയും നിരൂപകനുമായ അനിരുദ്ധാചാര്യയ്‌ക്കെതിരെയാണ് കേസ് എടുത്തത്. സംഭവത്തിൽ അനിരുദ്ധാചാര്യയ്‌ക്കെതിരെ ഹിന്ദുക്കളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.
സീതാ ദേവി, ദ്രൗപദി, രാധ എന്നിവരെയാണ് അനിരുദ്ധാചാര്യ അധിക്ഷേപിച്ചത്. അനിരുദ്ധാചാര്യ മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ട് സാഹിത്യ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ സാഹിത്യകൃതികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശങ്ങൾ നടത്തിയത്.
കൃഷ്ണന്റെ സഖിയാണ് രാധ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാൽ ഭാഗവതം ആസ്പദമാക്കി രചിച്ചിട്ടുള്ള സാഹിത്യകൃതികളിലൊന്നും രാധയെക്കുറിച്ച് ആരും പരാമർശിക്കാറില്ല. ഇതിഹാസ കഥകളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് നേരെ അതിക്രമങ്ങൾ നടന്നത് അവർക്ക് ആവശ്യത്തിലധികം സൗന്ദര്യമുണ്ടായതിനെ തുടർന്നാണ്.
രാമായണത്തിൽ സീതയെ തട്ടിക്കൊണ്ട് പോയതായി പറയുന്നു. എന്തുകൊണ്ടാണ് അത്. കാരണം അവർ ആവശ്യത്തിലധികം സുന്ദരിയായിരുന്നു. ദ്രൗപതിയ്‌ക്കും ആവശ്യത്തിലധികം സൗന്ദര്യമുണ്ടായിരുന്നത് കൊണ്ടാണ് പൊതുസഭയിൽ വസ്ത്രാക്ഷേപത്തിന് ഇരയാകേണ്ടിവന്നതെന്നും അനിരുദ്ധാചാര്യ പറഞ്ഞിരുന്നു.
പരാമർശങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ അനിരുദ്ധാചാര്യയ്‌ക്കെതിരെ അഖില ഭാരത ഹിന്ദു മഹാസഭ പോലീസിൽ പരാതി നൽകുകയായിരുന്നു.
















Comments