സമൂഹത്തിൽ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു മോശം പ്രവണതയാണ് മോഷണം. അന്യന്റെ മുതൽ അനുമതി കൂടാതെ തട്ടിയെടുക്കുന്ന പ്രവൃത്തി സാധാരണക്കാർ മുതൽ ക്രമസമാധാന ചുമതലയുള്ള പോലീസുകാർ വരെ നടത്തുക പതിവാണ്. ഒരിക്കൽ മോഷ്ടിച്ച് പിടിക്കപ്പെട്ടുകഴിഞ്ഞാൽ ചില കള്ളന്മാർ അതോടെ മോഷണം നിർത്തും. എന്നാൽ മറ്റ് ചിലർ എത്ര പിടിക്കപ്പെട്ടാലും മോഷ്ടിച്ചുകൊണ്ടേയിരിക്കും. കട്ടെടുക്കാനുള്ള പ്രവണത എത്ര ശിക്ഷയനുഭവിച്ചാലും ചിലർക്ക് മാറ്റിയെടുക്കാനാകില്ല. ആരും കള്ളന്മാരായോ മോഷ്ടാക്കളായോ ജനിക്കുന്നില്ലെന്നും അവരുടെ ജീവിത സാഹചര്യമാണ് മോഷ്ടാക്കളാക്കുന്നതെന്നും പറയാറുണ്ട്. എങ്ങനെ ഈ പ്രവണതയെ മറികടക്കാമെന്ന് നോക്കാം..
മോഷ്ടിക്കാൻ തോന്നുന്ന പ്രവണത ഒരു തരത്തിൽ പറഞ്ഞാൽ മാനസികമായ പ്രശ്‌നം കൂടിയാണ്. പിടിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും, ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് ധാരണയുണ്ടായിട്ടും ചിലർ മോഷ്ടിക്കുന്നു. ഇത്തരത്തിലുള്ള ചിന്താഗതിയുള്ളവർ ആദ്യം തിരിച്ചറിയേണ്ടുന്ന കാര്യം അവർക്ക് വൈദ്യസഹായം ആവശ്യമാണെന്നതാണ്. മാനസികാരോഗ്യ വിദഗ്ധനെ സന്ദർശിച്ച് നിങ്ങളുടെ മോഷ്ടിക്കാനുള്ള പ്രവണതയെക്കുറിച്ച് പങ്കുവെക്കേണ്ടതാണ്. ഡോക്ടറുടെ സഹായത്തോടെ മോഷ്ടിക്കാനുള്ള പ്രവണത ഇല്ലാതാക്കാൻ സാധിക്കും.
എന്തുകൊണ്ടാണ് നിങ്ങൾ മോഷ്ടിക്കുന്നതെന്ന് അറിയാൻ ശ്രമിക്കുക. മാനസികോല്ലാസത്തിന് മോഷ്ടിക്കുന്നതാണോ അതോ മറ്റാരെങ്കിലുമൊക്കെ ആയെന്ന് സ്വയം തോന്നാൻ ചെയ്യുന്നതാണോ എന്ന് വിലയിരുത്തുക. മോഷ്ടിച്ചതിന് ശേഷം നിങ്ങൾക്ക് കുറ്റബോധം തോന്നാറുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക. മറ്റെന്തെങ്കിലും പ്രശ്‌നങ്ങളെ അതിജീവിക്കാൻ മോഷണമെന്ന ഉപാധി സ്വീകരിക്കുന്നതാണോയെന്ന് ആലോചിച്ച് നോക്കുക. മോഷ്ടിക്കാനുള്ള മനോഭാവത്തെ തിരിച്ചറിയേണ്ടത് ആ പ്രവണതയെ മറികടക്കാൻ സഹായിക്കുന്നതാണ്.
മോഷ്ടിക്കാനുള്ള മനോഭാവം എന്താണെന്ന് അറിഞ്ഞാൽ മോഷ്ടിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ഒരു പേപ്പറിൽ സ്വയം എഴുതുക. എന്തിനാണ് മോഷ്ടിക്കുന്നതെന്ന് തിരിച്ചറിയുക. അത് സത്യസന്ധമായി പേപ്പറിൽ കുറിച്ചിടുക.
നേരത്തെ മോഷ്ടിച്ചപ്പോൾ എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടായെന്ന് വിലയിരുത്തുക. പിടിക്കപ്പെടുമ്പോൾ തോന്നിയ കുറ്റബോധത്തെക്കുറിച്ച് ആലോചിക്കുക. നാണക്കേടുണ്ടാക്കിയ ആ നിമിഷത്തെ എങ്ങനെ മറികടന്നുവെന്ന് ഓർത്തെടുക്കുക. സ്വയം വിലയിരുത്തി ചിന്തിക്കുമ്പോൾ ഇതൊന്നും ഇനിയാവർത്തിക്കേണ്ട എന്ന് സ്വയം തീരുമാനമെടുക്കാൻ സന്നദ്ധമാകുന്നതാണ്.
ഇതൊന്നുമല്ലെങ്കിൽ മോഷ്ടിക്കുകയെന്ന പ്രവണതയെ മറികടക്കാനുള്ള തെറാപ്പികൾ പരീക്ഷിക്കുക. നിങ്ങളുടെ മറ്റേതെങ്കിലും ഇഷ്ടവിനോദങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുക. മികച്ച വേതനം ലഭിക്കുന്ന മറ്റൊരു ജോലിയിൽ പ്രവേശിക്കുക. മോഷ്ടിക്കാതിരിക്കുമ്പോൾ ലഭിക്കുന്ന മനസ്സമാധാനവും ശാന്തിയും തിരിച്ചറിഞ്ഞ് ആ വികാരങ്ങളെ പരമാവധി ആസ്വദിക്കാൻ ശ്രമിക്കുന്നതും മോഷ്ടിക്കാൻ തോന്നുന്ന പ്രവണതയെ മറികടക്കാൻ സഹായിക്കും.
















Comments