ഡെറാഡൂൺ: കേദാർനാഥിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി. പുതിയ പദ്ധതികൾക്ക് തറക്കല്ലിടാനും കേദാർനാഥ് ദർശനത്തിനുമെത്തിയ പ്രധാനമന്ത്രി ഇതിനിടെയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയത്. മന്ദാകിനി അസ്തപഥ്, സരസ്വതി അസ്തപഥ് എന്നിവിടങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.
ചെറുവാഹനത്തിൽ സഞ്ചരിച്ചാണ് പ്രധാനമന്ത്രി ഇവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ നേരിൽ കണ്ടത്. മോദി വാഹനത്തിൽ സഞ്ചരിക്കുന്നതിന്റെയും കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നോക്കിക്കാണുന്നതിന്റെയും വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. കേദാർനാഥ് ധാം പദ്ധതി നിർവ്വഹിക്കുന്ന തൊഴിലാളികളുമായും അദ്ദേഹം സംവദിച്ചു. ഇവർക്കൊപ്പം ഫോട്ടോ എടുക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തി.
प्रधानमंत्री श्री @narendramodi ने केदारनाथ धाम में विकास कार्यों की प्रगति की समीक्षा की।
जय-जय श्री केदार! #ModiInDevBhumi pic.twitter.com/XFFN0UKvKk
— BJP (@BJP4India) October 21, 2022
രാവിലെ കേദാർനാഥിലെ ശങ്കരാചാര്യ സമാധിയിലെത്തി പ്രാർത്ഥിച്ച പ്രധാനമന്ത്രി ശ്രീകോവിലിൽ രുദ്രാഭിഷേകം നടത്തിയിരുന്നു. പരമ്പരാഗത പഹാഡി വസ്ത്രം ധരിച്ച്, ശ്രീകോവിലിൽ രുദ്രാഭിഷേകം നടത്തുകയും നന്ദി പ്രതിമയ്‌ക്ക് മുന്നിൽ പ്രാർത്ഥിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലും ട്രെൻഡിങ് ആയി മാറി.
കേദാർനാഥ് റോപ് വേ പദ്ധതിയുൾപ്പെടെ പുതിയ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചിട്ടുണ്ട്. ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥ് വരെയുളള 9.7 കിലോമീറ്റർ ദൂരം വരുന്ന റോപ് വേ യാഥാർത്ഥ്യമാകുന്നതോടെ അര മണിക്കൂറുകൾ കൊണ്ട് ക്ഷേത്രത്തിലെത്താനാകും. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾക്കായി 3400 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി പുതിയതായി തുടക്കം കുറിച്ചത്.
















Comments