ആരോഗ്യം നിലനിർത്താനുള്ള രുചികരമായ മാർഗമാണ് ദിവസവും രണ്ട് നേന്ത്രപ്പഴം വീതം കഴിക്കുക എന്നത്. വൈറ്റമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വലിച്ചെറിഞ്ഞ് കളയുന്നവരാണ് നമ്മളിൽ പലരും. ഇങ്ങനെ വലിച്ചെറിയുന്നതിന് പകരം, ഈ പഴത്തൊലി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാൻ ശ്രമിച്ചാലോ? തമാശയല്ല, ശരിക്കും പ്രകൃദിദത്തമായ ഔഷധ ഗുണങ്ങൾ ധാരാളം നേന്ത്രപ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
അരിമ്പാറ മുതൽ മഞ്ഞപ്പല്ല് വരെയുള്ള സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നേന്ത്രപ്പഴത്തിന്റെ തൊലി ഉപയോഗിക്കാവുന്നതാണ്. ഓരോ സൗന്ദര്യ പ്രശ്നങ്ങൾക്കും ഇവ എപ്രകാരം ഉപയോഗിക്കണം എന്ന് നോക്കാം.
1.അരിമ്പാറ:- അരിമ്പാറ ഇല്ലാതാക്കാൻ പഴത്തൊലി ഉപയോഗിക്കാവുന്നതാണ്. ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് അരിമ്പാറയുള്ള ഭാഗത്ത് നേന്ത്രപ്പഴത്തിന്റെ തൊലി മുറിച്ചെടുത്ത് ചേർത്തുവെച്ച ശേഷം, ബാൻഡേജ് കൊണ്ട് കെട്ടുക. രാവിലെ ഉണർന്നയുടൻ ഇത് അഴിച്ചു മാറ്റുക. ഒരാഴ്ചയോളം ഇത് ആവർത്തിക്കുക. അരിമ്പാറ കൊഴിഞ്ഞ് പോകുന്നത് കാണാം. അരിമ്പാറ ഇല്ലാതാക്കാൻ തികച്ചും വേദനാരഹിതമായ മാർഗമാണ് ഇത്.
2.ചർമ്മത്തിലെ ചുളിവുകൾ:– ചർമ്മത്തിൽ അത്ഭുതകരമായ മാറ്റം വരുത്താൻ നേന്ത്രപ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾക്ക് കഴിവുണ്ട്. മുഖത്ത് ചുളിവുകളുള്ള ഭാഗത്ത് പഴത്തൊലി വെച്ച് മൃദുവായി ഉരസുക. അര മണിക്കൂർ നേരം ഇത് തുടരുക. ശേഷം മുഖം വൃത്തിയായി കഴുകുക. കുറച്ച് ദിവസം ഇത് ആവർത്തിക്കുക. മുഖത്തെ ചുളിവുകൾക്ക് കാര്യമായ മാറ്റം സംഭവിക്കുന്നത് കാണാം.
3.മുഖക്കുരു:- മുഖക്കുരു ഇല്ലാതാക്കാനും നേന്ത്രപ്പഴത്തിന്റെ തൊലിക്ക് കഴിവുണ്ട്. പഴത്തൊലിയുടെ ഉൾവശം മുഖത്ത് മൃദുവായി ഉരസുക. അപ്പോൾ ഇത് ഒരു സ്ക്രബ് പോലെ മുഖത്ത് പറ്റിപ്പിടിക്കും. രണ്ട് മണിക്കൂർ നേരം ഇത് കഴുകി കളയാതെ വെക്കുക. ശേഷം ഭംഗിയായി കഴുകി മുഖം വൃത്തിയാക്കുക. ദിവസേന ഇങ്ങനെ ചെയ്താൽ, മുഖക്കുരു മാറുകയും ചർമ്മം മൃദുലമാകുകയും ചെയ്യും. രാത്രികാലങ്ങളിൽ ഇത് ചെയ്യുന്നതാണ് നല്ലത്.
4.ചതവേറ്റ പാടുകൾ:- ചർമ്മത്തിൽ ചതവേറ്റ പാടുകൾ മാറാനും നേന്ത്രപ്പഴത്തിന്റെ തൊലി ഉപയോഗിക്കാം. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ്, പഴത്തൊലിയുടെ ഉൾഭാഗം ചതവ് പറ്റിയ പാടിന് മുകളിൽ വെച്ച് മുപ്പത് മിനിട്ട് നേരം മൃദുവായി മസാജ് ചെയ്യുക. ശേഷം ആ ഭാഗം പൊടി കയറാതെ ബാൻഡേജ് ഉപയോഗിച്ച് കെട്ടി വെക്കുക. രക്തയോട്ടത്തെ ബാധിക്കുന്ന തരത്തിൽ കെട്ട് മുറുകാതെ ശ്രദ്ധിക്കണം. രാവിലെ ഉണരുമ്പോൾ കെട്ടഴിച്ച് മുഖം വൃത്തിയായി കഴുകുക. കുറച്ച് ദിവസം ഇത് ആവർത്തിച്ചാൽ, ചതവേറ്റ പാടുകൾ മാറുന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ചതവ് മാറാനല്ല, ചതവ് മാറിയ ശേഷവും അവശേഷിക്കുന്ന പാട് മാറാനാണ് ഈ മാർഗം.
5.മഞ്ഞപ്പല്ല്:- മഞ്ഞപ്പല്ലുകളെ വെളുപ്പിക്കാനും നേന്ത്രപ്പഴത്തിന്റെ തൊലിക്ക് കഴിവുണ്ട്. പഴത്തൊലിയുടെ ഉൾഭാഗം പല്ലിന് മുകളിൽ വെച്ച് ഉരസുക. പഴത്തൊലിയുടെ മാംസളഭാഗം പല്ലുകളെ മൂടുന്നത് വരെ ഇത് തുടരുക. ശേഷം പത്ത് മിനിട്ട് നേരം അത് അതേപടി വെക്കുക. പിന്നീട്, നനവില്ലാത്ത ടൂത്ത് ബ്രഷ് കൊണ്ട് പല്ല് വൃത്തിയാക്കുക. ദിവസവും ഇങ്ങനെ ചെയ്താൽ, രണ്ടാഴ്ച കൊണ്ട് പല്ലിലെ മഞ്ഞ നിറം മാറി വെട്ടിത്തിളങ്ങുന്നതാണ്.
















Comments