അമരാവതി: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയോട് അദ്ധ്യാപകന്റെ കണ്ണില്ലാത്ത ക്രൂരത. വിദ്യാർത്ഥിയുടെ തലയിൽ ചവറ്റുകൊട്ട കൊണ്ട് മൂടി മണിക്കൂറുകൾ ഇരുത്തി. ആന്ധ്രാപ്രദേശിലെ അംബേദ്കർ കോണസീമ ജില്ലയിലെ അന്തർവേദിപാലം ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂളിലെ ചവറ്റുകുട്ടയ്‌ക്കുള്ളിൽ 45 മിനിറ്റോളമാണ് മൂടി അടച്ച് ഇരുത്തിയത്.
സംഭവം അറിഞ്ഞെത്തിയ വിദ്യാർത്ഥിയുടെ ചേച്ചിയാണ് ചവറ്റു കൊട്ട ഉയർത്തിയത്. ചേച്ചിയെ കണ്ടതോടെ വിദ്യാർത്ഥി കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മറ്റാരോ ചെയ്ത കുറ്റത്തിനാണ് തന്നെ അദ്ധ്യാപകൻ ശിക്ഷിച്ചതെന്ന് കുട്ടി പറഞ്ഞു. തന്നോട് മാലിന്യം ഇട്ടിരുന്ന ചവറ്റുകൊട്ട കൊണ്ട് മൂടി അടച്ച് ഇരിക്കാൻ ആവശ്യപ്പെട്ടുവെന്നും കുട്ടി പോലീസിനോട് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് വിദ്യാർത്ഥി യൂണിയൻ നേതാക്കൾ ആൽവിൻ ബാബ എന്ന അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. അദ്ധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നും പ്രതികൾക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുക്കണമെന്നുമാണ് ആവശ്യം. വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments