തിരുവനന്തപുരം: നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ലിജു കൃഷ്ണ. തനിക്കെതിരെ ഉയർന്ന പീഡന പരാതിക്ക് പിന്നിൽ ഗീതു മോഹൻദാസ് ആണെന്നാണ് സംശയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം പടവെട്ടിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ലിജു കൃഷ്ണ ഗീതു മോഹൻദാസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഗീതു മോഹൻദാസ് തന്നെ മാനസികമായി നിരന്തരം വേട്ടയാടുകയാണ്. പീഡന പരാതിയിൽ താൻ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്നെ വേട്ടയാടി. പടവെട്ടിന്റെ കഥയിൽ ഗീതു മോഹൻദാസ് ചില മാറ്റങ്ങൾ വേണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ താൻ ഇത് അംഗീകരിച്ചില്ല. ഇതിന്റെ പേരിലാണ് തന്നെ ദ്രോഹിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
സംവിധായകയുമായ എന്റെ പേര് സിനിമാ മേഖലയിൽ ഉണ്ടാകരുത് എന്നാണ് അവരുടെ ഉദ്ദേശ്യം. സിനിമയിൽ തന്റെ പേര് ഇല്ലെങ്കിൽ പിന്തുണയ്‌ക്കാമെന്ന് പോലും ചർച്ച ഉണ്ടായിട്ടുണ്ട്. തന്നെയും കുടുംബാംഗങ്ങളെയും കൂട്ടുകാരെയും അവർ ഒരുപാട് ബുദ്ധിമുട്ടിച്ചു. എന്ത് വന്നാലും തന്റെ പേരുവെച്ച് സിനിമ ഇറക്കുമെന്ന വാശിയിലായിരുന്നു . അതിന്റെയെല്ലാം ഫലമായി സിനിമ ഇപ്പോൾ റിലീസ് ചെയ്യാൻ പോകുകയാണ്.
ഡബ്ല്യുസിസിയാണ് തങ്ങൾക്ക് നിരന്തരം മെയിൽ അയച്ചിരുന്നത്. സംഘടനയെ ബഹുമാനിക്കുന്നയാളാണ് താൻ. എന്നാൽ സംഘടനയുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ സംഘടനയ്‌ക്ക് മുകളിൽ നിൽക്കുന്നുവെന്നാണ് താൻ പറയാൻ ശ്രമിച്ചത്. തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ ഗീതു മോഹൻദാസ് ആണോയെന്നത് അന്വേഷിച്ച് തെളിയട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
















Comments