പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ വിജയിച്ചതിന് പിന്നാലെ വിരാട് കോഹ്ലിക്ക് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഭാര്യ അനുഷ്‌ക ശർമ്മ. വിരാടിനെ ‘ഫ്രീക്കിംഗ് ബ്യൂട്ടി’ എന്നാണ് അനുഷ്‌ക തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യം ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങുന്ന വേളയിൽ ഇരട്ടി മധുരമായി ജനങ്ങൾക്ക് വിജയത്തിന്റെ സന്തോഷം പങ്കുവെയ്‌ക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അത്ഭുതം കൂറുന്ന പ്രകടനമാണ് ഇന്ന് കാഴ്ച വെച്ചതെന്നും അനുഷ്‌ക പറഞ്ഞു. കോഹ്ലിയുടെ നിശ്ചയദാർഢ്യത്തെയും ആത്മവിശ്വാസത്തെയും വാനോളം പുകഴ്‌ത്തുന്നുമുണ്ട് കുറിപ്പിൽ.
വിജയം അറിഞ്ഞ നിമിഷം തനിക്കുണ്ടായ ആഹ്ലാദവും പ്രകടനങ്ങളും കണ്ട് മകൾ പേടിച്ചിരിക്കാമെന്നും കുറിപ്പിൽ പറയുന്നുണ്ട്. ജീവിതത്തിലെ മികച്ച മത്സരമാണ് ഇന്ന് കണ്ടതെന്നും അനുഷ്‌ക വ്യക്തമാക്കി. തന്റെ കുഞ്ഞുമകൾക്ക് ഇന്ന് എന്തിനാണ് തന്റെ അമ്മ നൃത്തം ചെയ്യുകയും ആഹ്ലാദ പ്രകടനങ്ങൾ നടത്തിയതെന്നും അറിയില്ലായിരിക്കാം, എന്നാൽ ഭാവിയിൽ അതിന്റെ കാരണം മനസിലാക്കുമെന്നും അനുഷ്‌ക പറഞ്ഞു. അത്ര മാത്രം മികച്ച തിരിച്ച് വരവാണ് വിരാട് കോഹ്ലി നടത്തിയതെന്നും അവർ സൂചിപ്പിച്ചു. പൂർവാധികം ശക്തിയോടെ തിരികെ എത്തിയതിൽ അഭിമാനിക്കുന്നതായും സ്‌നേഹിക്കുന്നതായും കുറിപ്പിൽ പറയുന്നു.
ഇതൊരു അതിമനോഹരമായ നിമിഷമാണെന്നും പറയാൻ വാക്കുകളില്ലെന്നും എങ്ങനെയാണ് വിജയത്തിലെത്താൻ കഴിഞ്ഞതെന്ന് അറിയില്ലെന്നും എ്ല്ലാം സ്വപ്‌നം പോലെ സംഭവിച്ചെന്നുമാണ് വിജയത്തിന് ശേഷം വിരാട് കോഹ്ലി പ്രതികരിച്ചത്. അനുഷ്‌കയും കോഹ്ലിയും വിവാഹിതരായിട്ട് അഞ്ച് വർഷമായി. കോഹ്ലി മോശം പ്രകടനം കാഴ്ച വെയ്‌ക്കുമ്പോൾ ട്രോളന്മാരും വിമർശകരും അനുഷ്‌കയെ കുറ്റപ്പെടുത്തിയിരുന്നു.
Comments