ന്യൂഡൽഹി: തീവ്രവാദ സംഘടനയായ ബബ്ബർ ഖൽസ തീവ്രവാദിയെ സഹായിച്ചതിന് അജ്മീർ ദർഗയിലെ പുരോഹിതന്റെ മകനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.
തൗസിഫ് ചിഷ്തി എന്നയാളെയാണ് പഞ്ചാബ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അജ്മീർ ദർഗയിലെ അഞ്ജുമൻ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുടെ മകനാണ് തൗസിഫ്. ബബ്ബർ ഖൽസ തീവ്രവാദിയായ ലഖ്ബീർ സിംഗിന്റെ അനുയായി ചരത് സിങ്ങിന്, തൗസിഫ് സുരക്ഷിത താവളം ഒരുക്കുകയും ആയുധങ്ങൾ എത്തിച്ചു നൽകിതായും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മെയ് 9 ന് മൊഹാലിയിലെ പോലീസ് ആസ്ഥാനത്ത് നടന്ന ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുംബൈയിൽ നിന്ന് അടുത്തിടെ ചരൺ സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് തൗസിഫിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. സ്‌ഫോടനം നടത്തിയതിന് ശേഷം മൊഹാലിയിൽ നിന്ന് രക്ഷപെട്ട് ഒളിവിൽ കഴിയാൻ സഹായിച്ചത് തൗസിഫ് ആണെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് നസീം ആലം, മുഹമ്മദ് സർഫറാസ് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് നൂപുർ ശർമ്മയുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്ത ഫഖർ ജമാലിയുടെ ബന്ധുവാണ് തൗസിഫ്.
Comments