ഉന്നാവോ: ഹിന്ദു ബാലന് സുന്നത്ത് കർമ്മം നടത്തിയ ഇസ്ലാമിക പുരോഹിതൻ പിടിയിൽ. 5 വയസുള്ള ബാലനെ നിർബന്ധിത സുന്നത്ത് കർമ്മത്തിന് വിധേയനാക്കിയതോടെയാണ് മദ്രസ അദ്ധ്യാപകനായ അസ്ലം അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. മദ്രസയിൽ ഇടയ്‌ക്ക് പോകാറുണ്ടായിരുന്ന ബാലനെയായിരുന്നു ഇയാൾ സുന്നത്ത് നടത്തിയത്.
ഉന്നാവോയിലെ ഗംഗാഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ശുക്ലഗഞ്ചിലാണ് സംഭവം. മുത്തശ്ശിക്കും പിതാവിനുമൊപ്പം ചമ്പ പൂർവ പ്രദേശത്താണ് കുട്ടി കഴിഞ്ഞിരുന്നത്. അമ്മയില്ലാത്ത കുഞ്ഞിനെ മുത്തശ്ശിയാണ് നോക്കിയിരുന്നത്. കുട്ടിയെ നിർബന്ധിച്ച് മദ്രസയിലേക്ക് അയച്ചിരുന്നത് മുത്തശ്ശിയാണെന്നാണ് വിവരം. ഇവിടുത്തെ അദ്ധ്യാപകനായ മൗലവിയാണ് കുട്ടിയെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയി സുന്നത്ത് നടത്തിയതെന്ന് പറയുന്നു.
കുടുംബാംഗങ്ങൾ ആദ്യം ഇക്കാര്യം അറിഞ്ഞില്ലെങ്കിലും പിന്നീട് കുട്ടിയുടെ ദേഹത്തിലുണ്ടായ മുറിവ് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് സുന്നത്ത് കർമ്മം നടത്തിയതാണെന്ന് അറിഞ്ഞത്. മൗലവി അസ്ലമാണ് ഇത് ചെയ്തതെന്നും കുട്ടി വെളിപ്പെടുത്തി.
തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ മൗലവി അസ്ലമിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ മതപരിവർത്തനത്തിന് ശ്രമിച്ചതായും വിവരമുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വസ്തുതകൾ പുറത്തു വന്നാൽ മൗലവിക്കെതിരെ അടുത്ത നടപടി സ്വീകരിക്കുമെന്നും ഉന്നാവോ പോലീസ് പറഞ്ഞു.
അതേസമയം കുട്ടിയുടെ മുത്തശ്ശിക്ക് മതപരിവർത്തനത്തിൽ പങ്കുണ്ടെന്നാണ് മറ്റ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടിയെ മദ്രയിലേക്ക് പറഞ്ഞുവിടാനും ഇസ്ലാമിലേക്ക് മതം മാറ്റാനും മുത്തശ്ശി ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം. ആരുടെയൊക്കെയോ നിർബന്ധപ്രകാരമാണ് മുത്തശ്ശി ഇതെല്ലാം ചെയ്യുന്നതെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കുടുംബത്തിലെ വേറെയും കുട്ടികളെ മദ്രസയിലേക്ക് അയക്കാൻ മുത്തശ്ശി നിർബന്ധിച്ചിരുന്നു. ഇതിന്റെ ഭാഗമായി അവർ മദ്രസയിൽ പോയി പഠിക്കുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനത്തിന് കൂട്ടുനിന്നവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് മറ്റ് കുടുംബാംഗങ്ങളുടെ ആവശ്യം.
Comments