കണ്ണൂർ: അരുണാചൽ പ്രദേശിൽ ഹെലികോപ്ടർ അപകടത്തിൽവീരമൃത്യു വരിച്ച സൈനികൻ അശ്വിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ധീര സൈനികന്റെ ഭൗതികദേഹം ഇന്നലെ വൈകീട്ടോടെ കണ്ണൂരിൽ എത്തിച്ചിരുന്നു.
സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ വിലാപയാത്രയായി ജന്മനാടായ ചെറുവത്തൂരിൽ എത്തിക്കും. ശേഷം വായനശാലയിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്തിമോപചാരമർപ്പിക്കാൻ പൊതു ദർശനം ഉണ്ടാവും.
11മണിയോട് കൂടി പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിലാകും ചടങ്ങുകൾ ഓണാവധി കഴിഞ്ഞ് നാട്ടിൽ നിന്നും ആഴ്‌ച്ചകൾക്ക് മുൻപ് മടങ്ങിയ അശ്വിന്റെ വിയോഗം നാടിനെ ഒന്നാകെ ദുഃഖത്തിലാഴ്‌ത്തി .
അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിലാണ് കാസർകോട് കിഴക്കേമുറി സ്വദേശിയായ അശ്വിൻ വീരമൃത്യു വരിച്ചത്. കിഴേക്കമുറി കാട്ടുവളപ്പിൽ അശോകന്റെയും കൗസല്യയുടെയും മകനാണ് അദ്ദേഹം.അശ്വിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നാട് ഞെട്ടലിലാണ്.പഠനം പാതിവഴിയിൽ നിർത്തി 20ാം വയസ്സിലാണ് അശ്വിൻ സൈനിക സേവനത്തിറങ്ങിയത്.
കേന്ദ്ര ടൂറിസം സഹമന്ത്രി ശിവപ്രസാദ് യസ്സോ നായക് അശ്വിന്റെ വീട് സന്ദശിച്ച് അനുശോചനം രേഖപ്പെടുത്തി.രാജ്യത്തിനു വേണ്ടിയുള്ള സേവനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട അശ്വിന്റെ സേവനം രാജ്യവും കേന്ദ്ര സർക്കാരും എന്നും ഓർക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മകൻ നഷ്ടപ്പെട്ടതിന്റെ ദുഃഖം അച്ഛനും അമ്മയ്‌ക്കും താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. ഒരിക്കലും നികത്താൻ കഴിയാത്ത ദുഃഖം താങ്ങാൻ ദൈവം അവർക്കു കരുത്തു നൽകട്ടെയെന്നും കുടുംബത്തിന്റെയും ഈ ഗ്രാമത്തിന്റെയും ദുഃഖത്തിൽ കേന്ദ്രസർക്കാർ പങ്കുചേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
















Comments