അബുദാബി: അജ്മാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ സർവ്വകാല റെക്കോഡ്. അജ്മാനിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ പുറത്തിറക്കിയ പ്രതിമാസ റിയൽ എസ്റ്റേറ്റ് റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വിപണി സെപ്തംബർ മാസത്തിൽ 877 ഇടപാടുകളിലായി ഒരു ശതകോടി ദിർഹമിന്റെ മികച്ച നേട്ടം കൈവരിച്ചു.
അജ്മാനിലെ കഴിഞ്ഞ മാസങ്ങളിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വിലയിരുത്തുമ്പോൾ ഈ മേഖലയിൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. രണ്ടരക്കോടി ദിർഹമിന്റെ ഇടപാടുമായി ഇൻഡസ്ട്രിയൽ ഏരിയ -2 ഏറ്റവും ഉയർന്ന വിൽപ്പന മൂല്യം രേഖപ്പെടുത്തി. പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് അജ്മാൻ നൽകുന്ന അസാധാരണമായ നേട്ടങ്ങളും സൗകര്യങ്ങളും എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങളുടെ മേഖലയിലുണ്ടായ വൻതോതിലുള്ള വികസനവും റിയൽ എസ്റ്റേറ്റ് വിപണിയിൽ ഉണർവുണ്ടാക്കിയതായും ഇത് നിക്ഷേപങ്ങളുടെ തോതിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കിയതായും ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ഒമർ ബിൻ ഒമൈർ അൽ മുഹൈരി വ്യക്തമാക്കി. അജ്മാന്റെ കിഴക്കൻ മേഖലയാണ് കൂടുതൽ വ്യാപാരം നടക്കുന്ന പ്രദേശമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. തെക്കൻ മേഖലയും മസ്ഫൂത്തും തൊട്ടുപിന്നിലുണ്ട്. കൊറോണ പ്രതിസന്ധിയെ തുടർന്ന് പിറകോട്ട് പോയ റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ കരുത്തോടെയാണ് വ്യാപാര രംഗത്ത് പ്രകടനം കാഴ്‌ച്ചവെക്കുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖല വ്യാപാരം ഇരട്ടിയിലേറെ നേട്ടമുണ്ടാക്കുന്നുണ്ട്. ഈ മേഖലയിൽ വിദേശികൾക്ക് പൂർണ്ണമായ ഉടമസ്ഥാവകാശം നൽകുന്നതിനാൽ വൻ തോതിൽ ആളുകളെ ആകർഷിക്കുന്നുവെന്നും വിദദഗ്ധർ വിലയിരുത്തുന്നു. നിക്ഷേപങ്ങൾക്ക് മികച്ച വരുമാനം ലഭിക്കുന്നതിനാൽ അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖലകളിൽ മലയാളികളും വൻ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഈ മേഖലയിലേക്ക് ഇനിയും കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന് നിരവധി പദ്ധതികളാണ് അധികൃതർ നടപ്പിലാക്കുന്നത്.














Comments