തിരുവനന്തപുരം: ലഹരിക്കെതിരെ പ്രചാരണം നടത്തുമ്പോൾ തന്നെ പഴങ്ങളിൽ നിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് വിചിത്ര വിശദീകരണം നൽകി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മയക്കുമരുന്നിനെയും കള്ളിനെയും രണ്ടായി കാണണമെന്നാണ് മന്ത്രിയുടെ ന്യായീകരണം. ലഹരിക്കെതിരെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ദീപം തെളിയിച്ച ശേഷമാണ് വിചിത്ര വിശദീകരണം.
കള്ള് കേരളത്തിലുള്ള ഒരു പാനീയമാണ്. മയക്കുമരുന്നിനെയും കള്ളിനെയും രണ്ടും രണ്ടായി കണ്ടാൽ മതിയെന്നുമാണ് ശിവൻകുട്ടിയുടെ ന്യായം. സംസ്ഥാന സര്‍ക്കാരിന്‍റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്നായിരുന്നു മന്ത്രി എം.ബി.രാജേഷിന്റെ നിർദ്ദേശം. ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണ് ദീപം തെളിയിക്കൽ.
എന്നാൽ, ലഹരിക്കെതിരെ ഒരുവശത്ത് പ്രതിരോധം തീർക്കുമ്പോൾ മറുവശത്ത് മദ്യം നിർമ്മിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുകയാണ്. പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. മദ്യം നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം കഴിഞ്ഞ ദിവസം നിലവിൽ വന്നിരുന്നു. ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കും.
Comments