അടുക്കള സിങ്കിൽ വായ കഴുകാൻ സമ്മതിച്ചില്ല; ആലപ്പുഴയിൽ ഹോട്ടൽ അടിച്ച് തകർത്ത് ആറംഗസംഘം

Published by
Janam Web Desk

ആലപ്പുഴ: ഹോട്ടൽ അടിച്ചു തകർത്ത് ആറംഗ സംഘം. മാവേലിക്കര വെള്ളൂർകുളത്തിന് സമീപമുള്ള കസിൻസ് ഫാസ്റ്റ് ഫുഡ് കടയിലാണ് സാമൂഹ്യവിരുദ്ധർ പ്രശ്‌നമുണ്ടാക്കിയത്. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.രതീഷ്ചന്ദ്രൻ, അനുജയരാജ്, ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്.ഹോട്ടലുടമയുടെ പരാതിയിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ടിയൂർ സ്വദേശികളായ വസിഷ്ഠ്, രാജീവ്, മണികണ്ഠൻ, മനേഷ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.

അടുക്കളയിലെ സിങ്കിൽ കൈകഴുകാൻ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് യുവാക്കൾ ഹോട്ടൽ അടിച്ച് തകർത്തത്. പാത്രങ്ങൾ കഴുകുന്ന സിങ്കിൽ കൈയും വായും കഴുകാൻ വന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഹോട്ടലിന്റെ ഉൾഭാഗം പൂർണമായും അക്രമികൾ അടിച്ചു തകർത്തു. ജീവനക്കാർക്കും പിടിച്ചുമാറ്റാൻ ചെന്നവർക്കുമാണ് മർദനമേറ്റത്.

സംഭവം ഹോട്ടൽ ജീവനക്കാർ പോലീസിലറിയിച്ചതോടെയാണ് അക്രമിസംഘം പിൻവാങ്ങിയത്. തുടർന്ന് സംഘാംഗത്തിന്റെ മൊബൈൽ നഷ്ടമായത് തിരിച്ചെടുക്കാൻ രണ്ട് പേർ കടയിൽ തിരിച്ചെത്തി.പിന്നാലെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഫോണും പ്രതീഷിച്ച് റോഡിൽ കാത്തുനിന്ന മറ്റൊരാളെയും പോലീസ് പിടികൂടി. പട്രോളിങ് സംഘം നടത്തിയ പരിശോധനയിൽ രണ്ടു പേരെ മിച്ചൽ ജംഗ്ഷനിൽ നിന്നുമാണ് പിടികൂടിയത്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Share
Leave a Comment