തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് പി.ശ്രീരാമകൃഷ്ണൻ. ആർക്കും അനാവശ്യ സന്ദേശങ്ങൾ അയച്ചിട്ടില്ല. നടക്കുന്നത് ചിത്രവധം മൂന്നാംഘട്ടമാണ്. സത്യത്തിന്റെ കണിക പോലും ഇല്ലാത്ത ആരോപണമാണ് സ്വപ്‌ന ഉന്നയിക്കുന്നത്. കോൺസുലേറ്റിന്റെ പല കാര്യങ്ങൾക്കുമായി ഓഫീസ് മുഖേന സ്വപ്നയെ ബന്ധപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റയ്‌ക്ക് ക്ഷണിച്ചു എന്നത് തെറ്റായ ആരോപണമാണ്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ, സ്വർണ്ണക്കടത്തിന്റെ ഉറവിടം, ലക്ഷ്യം, അതിന്റെ അനുബന്ധ നാടകങ്ങൾ ഇതൊന്നും പുറത്ത് വരാതിരിക്കാനുള്ള ഗൂഢാലോചനയുടെ രാഷ്‌ട്രീയമാണ് ഇതിന് പുറകിലുള്ള ലക്ഷ്യം. സ്വപ്‌ന അറിഞ്ഞോ അറിയാതെയോ അതിന് കരുവായി തീരുകയാണ്. പാർട്ടിയുമായി ചർച്ച ചെയ്ത് തുടർ നിയമനടപടികൾ ആലോചിക്കുമെന്നും ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പി.ശ്രീരാമകൃഷ്ണൻ ഒരു കോളേജ് വിദ്യാർത്ഥിയെ പോലെ തന്നോട് പെരുമാറിയിരുന്നുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഐ ലവ് യൂ എന്നടക്കം മെസേജുകൾ നിരന്തരം അയക്കുകയും, റൂമിലേക്കും വീട്ടിലേക്കും വിളിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഒരു ഫ്രണ്ട്ഷിപ്പിന്റെ ഭാഗമായുള്ള ബന്ധങ്ങൾ ശ്രീരാമകൃഷ്ണനും മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചു. ഔദ്യോഗിക വസതിയിലേക്ക് ഒറ്റയ്‌ക്ക് വരാൻ ശ്രീരാമകൃഷ്ണൻ ക്ഷണിച്ചുവെന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം.
ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്,
ചിത്രവധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്
അസംബന്ധവും അസത്യ പ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോൾ പുതിയ തരം ആരോപണങ്ങളിലേക്ക് ശൈലിമാറ്റം സംഭവിച്ചിരിക്കുന്നു.
ഓരോ ദിവസവും രാവിലെ പത്രങ്ങളിൽ നിന്നും അറിയുന്ന ആരോപണ കോലാഹലങ്ങൾക്ക് ഇതുവരെയും പ്രതികരിക്കാൻ പോയിട്ടില്ല.
മൊഴികൾ എന്നപേരിൽ ഊഹാപോഹങ്ങളും അസത്യങ്ങളും, ബ്രേക്കിംഗ് ന്യൂസുകളും തലക്കെട്ടുകളുമായി നിറയുമ്പോൾ ശൂന്യതയിൽ നിന്നുള്ള വാർത്തകൾ സ്വയം തിരുത്തിക്കൊള്ളട്ടെ എന്നാണ് കരുതിയിരുന്നത്.
‘എന്തെല്ലാം എന്തെല്ലാം പ്രചരണങ്ങൾ!’
‘സ്പീക്കർക്ക് യൂറോപ്പിൽ 300 കോടിയുടെ നിക്ഷേപം’, ‘ഷാർജയിൽ സ്വന്തമായി കോളേജ്’ ‘ഡോളർ കടത്തിൽ പങ്കാളിത്തം’, ‘ഷാർജാ ഷെയ്‌ക്കുമായി രഹസ്യ ഇടപാടുകൾ’, അതിനായി അദ്ദേഹവുമായി തിരുവനന്തപുരത്ത് രഹസ്യ കൂടിക്കാഴ്‌ച്ച ഏർപ്പാടാക്കി തന്നു. ലോക കേരളസഭയും വ്യവസായികളുടെ നിക്ഷേപക സംഗമത്തേയും ഒന്നാണെന്ന് ധരിച്ച് കെ.സുരേന്ദ്രന്റെ ആരോപണങ്ങൾ, 41 തവണ ഡൽഹി വഴി സ്വർണ്ണ കടത്ത് കേസിലെ പ്രതിയോടൊത്ത് വിദേശയാത്ര, (ഒരു തവണ പോലും ഉണ്ടായിട്ടില്ലാത്ത യാത്രയാണ് ആഘോഷിക്കപ്പെട്ടത്.). ലണ്ടനിൽ മലയാളി അസോസിയേഷനുകൾ സംഘടിപ്പിച്ച വള്ളംകളി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ 4 ദിവസത്തെ ദുരൂഹമായ തിരോധാനം, അതിന്റെ അനുബന്ധകഥകൾ (സുഹൃത്തായ രാജേഷ് കൃഷ്ണയുടെ വീട് താമസം, സജിയുടെ വീട്ടിൽ ഭക്ഷണം, ഒരുമനയൂരിലെ സുഹൃത്ത് നാലകത്ത് ഫൈസലിനെപ്പം ആതിഥ്യം സ്വീകരിച്ചത്, പൊന്നാനിക്കാരുടെ സ്‌നേഹക്കൂട്ടായ്മ, തൃത്താലയിലുള്ള മമ്മിക്കുട്ടി എംഎൽഎയുടെ സഹോദരൻ മജീദിന്റെ ആതിഥ്യം) ഇങ്ങനെയുള്ള തുറന്ന പുസ്തകം പോലുള്ള യാത്രയാണ് അന്താരാഷ്‌ട്ര കുറ്റവാളിയെ പോലെ പിന്നീട് ചിത്രീകരികപ്പെട്ടത്.
ഉഗാണ്ടയിൽ നടന്ന കോമൺവെൽത്ത് സ്പീക്കർമാരുടെ സമ്മേളനത്തിൽ ദുരൂഹമായ സന്ദർശനങ്ങൾ, ( പൂർണ്ണമായും മലയാളികൾക്കൊപ്പം ചെലവഴിച്ച ദിവസങ്ങളെ കുറിച്ചായിരുന്നു പ്രചരണം.) അതിനിടയിലാണ് എറണാംകുളത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ മേൽ പറഞ്ഞ സ്വർണ്ണ കടത്തു കേസിലെ പ്രതിയായ സ്ത്രീയുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്ന് ഒരാൾ ആരോപണം ഉന്നയിക്കുന്നു. എറണാംകുളത്തോ, ഇന്ത്യയിലോ,വിദേശത്തോ മാത്രമല്ല ഒരിക്കൽ പോലും തിരുവനന്തപുരത്തിന് പുറത്ത് കണ്ടിട്ടില്ലാത്ത ഒരാളെ സംബന്ധിച്ചാണ് വാർത്ത ഉണ്ടാക്കിയത്. ഒടുവിൽ എന്റെ ആത്മഹത്യാശ്രമം വരെ ഉണ്ടായെന്ന് നിഷ്ഠൂരമായി വാർത്തയുണ്ടാക്കി പ്രചരിപ്പിച്ചു. ഇങ്ങനെ ഊഹാപോഹങ്ങളുടെയും അസത്യ പ്രചാരകരുടെയും വലയിൽ കുടുങ്ങി ചിത്രവധം ചെയ്യാനൊരുങ്ങുമ്പോൾ സത്യത്തിന്റെ ഒരു കണിക പോലും ഇതിലെവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചില്ല. ബ്രേക്കിംങ് ന്യൂസുകളും. വെണ്ടക്ക നിരത്തലും കഴിയുമ്പോൾ മാധ്യമ മർദ്ദനത്തിന് വിധേയനായവന്റെ മാനസീകാവസ്ഥ അൽപം പോലും മനസിലാക്കാതെ പോയി. ഒടുവിൽ അന്വേഷണ ഏജൻസികൾ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ച് അവസാനിപ്പിച്ചു.
അപ്പോഴാണ് പശു ചത്തിട്ടും മോരിലെ പുളി പോവില്ല എന്ന് പറയും പോലെ പുതിയ തിരക്കഥകൾ പുറത്തുവരുന്നത്.
മേൽ പറഞ്ഞ പഴയതും പുതിയതുമായതെല്ലാം സത്യത്തിന്റെ ഒരു കണികപോലും ഇല്ലാത്ത അസത്യങ്ങൾ മാത്രമായിരുന്നു. അസംബന്ധം മാത്രമായിരുന്നു.
ഔദ്യോഗിക വസതി നിയമസഭാ കോംപ്ലക്‌സിൽ തന്നെയായതിനാൽ ഓഫീസിൽ നിന്ന് ഇറങ്ങി എന്നറിഞ്ഞാൽ വീട്ടിലേക്ക് സന്ദർശകർ വരുന്നത് പുതുമയുള്ള
കാര്യമല്ലായിരുന്നു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ ശ്രീമതി സ്വപ്നയും വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭർത്താവും, മകനും ഒരുമിച്ചാണ് വന്നിട്ടുള്ളത്.
ഔദ്യോഗികവസതി എത്തുന്നതിനു മുൻപ് പൊലീസ് കാവൽ ഉള്ള 2 ഗേറ്റുകൾ കടക്കണം, ഔദ്യാഗിക വസതിയിൽ താമസക്കാരായ 2 ഗൺമാൻമാരും, 2 അസിസ്റ്റന്റ് മാനേജർമാരും, ഡ്രൈവർമാരും, ജഅ യും, കുക്കുമാരുമെല്ലാം ഉണ്ട്. അതിനുപുറമേ പകൽസമയങ്ങളിൽ ദിവസവേതനക്കാരായ
ക്ലീനിങ് സ്റ്റാഫുകൾ, ഗാർഡൻ തൊഴിലാളികളും എല്ലാമുള്ളപ്പോൾ . ഇവരുടെ എല്ലാം കണ്ണുവെട്ടിച്ച് ആരെങ്കിലും ഒറ്റക്ക് വസതിയിൽ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം എനിക്കില്ല.
മാത്രമല്ല ഒദ്യോഗിക വസതിയിൽ താമസിച്ചത് എന്റെ കുടുംബത്തോടൊപ്പമാണ്. ഭാര്യയും, മക്കളും, അമ്മയും ചേർന്ന്
കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ്സ് ഉണ്ടായിരുന്നു എന്നാണ് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതായി കണ്ടത്. അത്തരമൊരു തലത്തിലേക്ക് തരം താഴാൻ മാത്രം സംസ്‌ക്കാര ശൂന്യനല്ല ഞാൻ. മകൾ പള്ളിപ്പുറം ഏഷ്യൻ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിലും, മകൻ സെന്റ് ജോസഫ് ഹൈസ്‌കൂളിലും ആണ് പഠിച്ചിരുന്നത്. ഭാര്യ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നതിനാലും എല്ലാവരും തിരുവനന്തപുരത്തായിരന്നു. അമ്മ പൂർണമായും എന്റെ കൂടെ തന്നെയായിരുന്നു.
ആരോടും അപമര്യാദയായി പെരുമാറുന്ന രീതി എനിക്കില്ല. എന്നെ സന്ദർശിക്കുന്നവരോടെല്ലാം അത് പുരുഷനായാലും, സ്ത്രീയായാലും സ്‌നേഹത്തോടും, സൗഹൃദത്തോടും, വിനയത്തോടുമാണ്
പെരുമാറിയിട്ടുള്ളത്. അതിൽ തെറ്റിദ്ധാരണ ഉള്ളതായിട്ട് 40 വർഷത്തെ പൊതു ജീവിതത്തിനിടയിൽ ആരെങ്കിലും പരാതിപ്പെട്ടതായി എന്റെ അറിവിൽ ഇല്ല. ഞാൻ ആർക്കും അനാവശ്യ സന്ദേശങ്ങൾ അയച്ചിട്ടുമില്ല. സ്വർണക്കടത്ത് കേസ് അന്വേഷണമാരംഭിച്ച് വർഷങ്ങൾ കഴിഞ്ഞ് കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞതിനുശേഷം ഇത്തരം അസംബന്ധം പ്രചരിപ്പിക്കുന്നത് ആർക്കുവേണ്ടിയാണ് എന്ന് വ്യക്തമാണ്.
കോൺസുലേറ്റിന്റെ പല കാര്യങ്ങൾക്കുമായി എന്റെ ഓഫീസ് മുഖേന ശ്രീമതി സ്വപ്നയെ ബന്ധപ്പെട്ടിട്ടുണ്ട് . എന്നാൽ യുഎഇ കോൺസുലേറ്റിൽ ഞാൻ ഇതുവരെ സന്ദർശിച്ചിട്ടില്ല. ആ കെട്ടിടം കണ്ടിട്ടുമില്ല. ചില ഇഫ്താർ വിരുന്നുകളിൽ കണ്ടിട്ടുള്ളതല്ലാതെ അറ്റാഷെയുമായി എനിക്ക് സൗഹൃദമില്ല. അദ്ദേഹത്തിന്റെ ഫോൺ നമ്പർ പോലും കൈവശമില്ല. ഒരിക്കൽ പോലും അദ്ദേഹത്തെ ഫോൺ ചെയ്തിട്ടുമില്ല. ഒരു കോൺടാക്റ്റുമില്ലാത്ത ഒരാളുമായി ചേർന്ന് ഇടപാടുകൾ എന്നെല്ലാം പറയുമ്പോൾ അത് ക്രൂരമായ ആരോപണമാണ്. കാടടച്ച് വെടിവെക്കും പോലെ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയുള്ള ഒരാളുടെ പുറകിൽ രാഷ്‌ട്രീയ താത്പര്യം വെച്ച് പുറകെ കൂടുന്നവർ ഓർമ്മിക്കുക സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും ഒരുന്നാൾ പുറത്ത് വരിക തന്നെ ചെയ്യും. നിരുത്തരവാദപരവും നികൃഷ്ടവുമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഓൺലൈൻ മാധ്യമ പ്രഭൃതികൾ അവർ ഇതുവരെ പ്രചരിപ്പിച്ച വൈദേശിക ബന്ധങ്ങളെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചടക്കമുള്ള വാർത്തകളിൽ സത്യത്തിന്റെ ഒരു കണിക പോലും ഉണ്ടെങ്കിൽ പുറത്തു കൊണ്ടു വരട്ടെ.
എന്തായാലും ഈ തിരകഥകളിൽ നിന്നും ഞാൻ പഠിച്ച ഒരു പാഠമുണ്ട് , ‘ വിശ്വാസം അതല്ല എല്ലാം ‘ എന്നതു തന്നെയാണ്.
രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം പ്രചരിപ്പിക്കപ്പെടുന്ന ഈ അസത്യങ്ങളുടെ ഗുണഭോക്താക്കൾ ആരാണെന്ന് പൊതുസമൂഹം തിരിച്ചറിയണം. സംഘ പരിവാറിന്റെ കുബുദ്ധിയും, ആസൂത്രണവും ഏതു പരിധയും കടക്കുമെന്ന് കിഫ്ബി അന്വേഷണത്തിലും, ലൈഫ് ഭവനപദ്ധതി മുടക്കുന്ന രീതിയിലുള്ള ഇഡി അന്വേഷണവും , സഹകണ പ്രസ്ഥാനങ്ങളുടെ അസ്ഥിവാരം തകർക്കുന്ന തരത്തിൽ അന്വേഷണം കൊണ്ടുവന്നതിലുമെല്ലാം നമ്മൾ കണ്ടതാണ്. അതിന് സഹായകരമായ വ്യക്തിഹത്യ നടത്തുന്നതിന്റെ ഉദ്ദേശവും മറ്റൊന്നല്ല എന്ന് ജാഗ്രതയോടെ തിരിച്ചറിയണം.
സാമ്പത്തീക കുറ്റകൃത്യങ്ങൾ, സ്വർണ്ണ കടത്തിന്റെ ഉറവിടം, ലക്ഷ്യം, അതിന്റെ അനുബന്ധ നാടകങ്ങൾ ഇതൊന്നും വേണ്ടത്ര പുറത്ത് വരാതിരിക്കാനുള്ള ഗൂഡാലോചനയുടെ രാഷ്‌ട്രീയമാണ് ഇതിന്റെ പുറകിലുള്ള ലക്ഷ്യം. അറിഞ്ഞോ അറിയാതേ യോ അതിന് കരുവായി തീരുകയാണ് പ്രതിയായ സ്വപ്ന. അതു കൊണ്ട് തന്നെ ഇതിനെ രാഷ്‌ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകാനാവൂ. പാർട്ടിയുമായി ആലോചിച്ച് അക്കാര്യത്തിൽ ഒരു നിലപാട് സ്വീകരിക്കും.
Comments