ന്യൂഡൽഹി: ഭാഗിക സൂര്യഗ്രഹണത്തെ തുടർന്ന് ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ ചൊവ്വാഴ്ച തുറക്കില്ല. സൂര്യഗ്രഹണം കഴിഞ്ഞതിന് ശേഷം പൂജകൾ നടത്തുമെന്നായിരുന്നു ക്ഷേത്ര കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം തുറക്കില്ലെന്ന് കേദാർനാഥ്-ബദരീനാഥ് ക്ഷേത്ര കമ്മിറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
സൂര്യഗ്രഹണത്തെ തുടർന്ന് തെലങ്കാനയിലും നിരവധി ക്ഷേത്രങ്ങൾ ചൊവ്വാഴ്ച തുറക്കില്ലെന്ന് എൻഡോവ്മെന്റ് ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥൻ അറിയിച്ചു. യദഗിരിഗുട്ടയിലെ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം, വെമുലവാഡയിലെ ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രം, ധർമ്മപുരിയിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം, ബസാറിലെ ശ്രീ ജ്ഞാന സരസ്വതി ദേവി ക്ഷേത്രം തുടങ്ങീ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. നാളെ രാവിലെ ഈ ക്ഷേത്രങ്ങളിലെല്ലാം പതിവ് പൂജകൾ ഉണ്ടാകും.
2022ലെ അവസാനത്തെ സൂര്യഗ്രഹണമാണ് ഇന്ന് വൈകിട്ടോടെ ദൃശ്യമാകുന്നത്. ഇന്ത്യയിൽ ഭാഗിക ഗ്രഹണമാണ് കാണാനാവുക. ജലന്ധറിലായിരിക്കും രാജ്യത്ത് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാകുന്നത്. സൂര്യബിംബത്തിന്റെ 51 ശതമാനവും ഇവിടെ മറയ്‌ക്കപ്പെടും. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 43.8 ശതമാനം ഗ്രഹണം കാണാനാകും. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും മികച്ച രീതിയിൽ ഗ്രഹണം കാണാൻ സാധിക്കും.
മുംബൈയിൽ 24 ശതമാനമായിരിക്കും കാണാനാവുക. എന്നാൽ കേരളത്തിൽ 10 ശതമാനത്തിൽ താഴെ മാത്രമേ സൂര്യബിംബം മറയ്‌ക്കപ്പെടുകയുള്ളു. വൈകിട്ട് 5.52നാണ് കേരളത്തിൽ ഗ്രഹണം കണ്ടു തുടങ്ങുക. കോഴിക്കോട് ഭാഗങ്ങളിൽ 7.5 ശതമാനവും, തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാകും. ഇന്ത്യയ്‌ക്ക് പുറമെ യൂറോപ്പിലും ആഫ്രിക്കയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിലും പടിഞ്ഞാറൻ ഏഷ്യയിലും ഗ്രഹണം ദൃശ്യമാകും. രാജ്യത്ത് അടുത്ത സൂര്യഗ്രഹണം 2027 ആഗസ്റ്റ് രണ്ടിന് മാത്രമാണ് ദൃശ്യമാവുക. ഏപ്രിൽ 30നായിരുന്നു ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം.
ചന്ദ്രൻ സൂര്യനും ഭൂമിയ്‌ക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. പൂർണ സൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു പോകും. ഭാഗിക ഗ്രഹണത്തിൽ ഇങ്ങനെ സംഭവിക്കാറില്ല.
















Comments