ന്യൂഡൽഹി: ഭാഗിക സൂര്യഗ്രഹണം കണക്കിലെടുത്ത് രാജ്യത്ത് ആരാധനാലയങ്ങൾ അടച്ചിടും. ക്ഷേത്ര വാതിലുകൾ അടക്കുന്നതിനാൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. സൂര്യഗ്രഹണത്തിന്റെ പശ്ചാത്തലത്തിൽ ആചാരപരമായ ചടങ്ങുകളും ആരാധനകളും താൽകാലികമായി നിർത്തിവെക്കാറുണ്ട്. ഗ്രഹണം പൂർത്തിയായതിന് ശേഷം ചടങ്ങുകൾ പുനരാരംഭിക്കുന്നതാണ് പതിവ്. വൈകിട്ട് ഗ്രഹണം പൂർത്തിയാകുന്നതോടെ ക്ഷേത്രങ്ങൾ വീണ്ടും തുറക്കുന്നതാണ്.
കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ ഇതിനോടകം അടച്ചു കഴിഞ്ഞു. ഗ്രഹണം പൂർത്തിയായതിന് ശേഷം വൈകീട്ട് പൂജകൾ നടത്തുമെന്നാണ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകുന്ന വിവരം. പ്രയാഗ് രാജിലെ ക്ഷേത്രങ്ങളും ഗ്രഹണത്തോടനുബന്ധിച്ച് അടച്ചിട്ടിരിക്കുകയാണ്.
അതേസമയം 2022ലെ അവസന സൂര്യഗ്രഹണം ഇന്ന് വൈകിട്ടാണ് ദൃശ്യമാകുക. ഇന്ത്യയിൽ ജലന്ധറിലായിരിക്കും ഗ്രഹണം ഏറ്റവുമധികം കാണാൻ കഴിയുക. സൂര്യബിംബത്തിന്റെ 51 ശതമാനവും ഇവിടെ മറയുന്നതാണ്. ഡൽഹിയിൽ 43.8 ശതമാനം ഗ്രഹണമുണ്ടാകും. എന്നാൽ കേരളത്തിൽ പത്ത് ശതമാനത്തിൽ താഴെ മാത്രമേ സൂര്യബിംബം മറയപ്പെടുകയുള്ളൂ. വൈകിട്ട് 5.52നാണ് കേരളത്തിൽ ഗ്രഹണം തുടങ്ങുക. ഇന്ത്യയ്‌ക്ക് പുറമെ യൂറോപ്പിലും ആഫ്രിക്കയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിലും പടിഞ്ഞാറൻ ഏഷ്യയിലും ഗ്രഹണം ദൃശ്യമാകും.
















Comments